സതീഷ് കൃഷ്ണ സെയില്‍ പ്രതിയായ കേസ്; 1.68 കോടി രൂപയും 6.75 കിലോ സ്വർണവും പിടികൂടി ഇ ഡി

സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീമല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്

dot image

ബംഗളൂരു: കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും സ്വർണവും പിടികൂടി. 1.68 കോടി രൂപയും 6.75 കിലോ സ്വർണവുമാണ് പിടികൂടിയത്. സതീഷ് കൃഷ്ണ സെയിലിന്റേയും കൂട്ടുപ്രതികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീമല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് ഉത്തരകന്നഡ ജില്ലയിലെ കാർവാറിലെ ബെലെക്കേരി തുറമുഖത്തുനിന്ന് മോഷ്ടിച്ചുകടത്തിയെന്നാണ് കേസ്. 2010ലാണ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഇതിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറ് കേസുകളിൽ എംഎൽഎയ്ക്കും മറ്റ് ആറ് പേർക്കും വിചാരണക്കോടതി ഏഴുവർഷം കഠിന തടവ് വിധിച്ചിരുന്നെങ്കിലും കർണാടക ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. പിന്നാലെയാണ് ഇഡി കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.

അതേസമയം പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയതായാണ് വിവരം.
ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് സുപരിചിതനാണ് കാർവാർ എംഎൽഎയായ സതീഷ് സെയിൽ.

Content Highlights: Satish Krishna Sail case; Enforcement Directorate found money and gold

dot image
To advertise here,contact us
dot image