
ഭുവനേശ്വര്‍: ഒഡീഷയിലെ ഗജപതി ജില്ലയില്‍ യുവാവിനെ മര്‍ദ്ദിക്കുകയും രാത്രി മുഴുവന്‍ കെട്ടിയിടുകയും ചെയ്ത് ഭാര്യ വീട്ടുകാര്‍. ഗാർഹിക പീഡനത്തെ തുടര്‍ന്നുള്ള കേസില്‍ കോടതിയിൽ വിചാരണ കാത്തിരിക്കുന്നതിനിടയിലാണ് യുവാവിന് മർദ്ദനമേറ്റത്. യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മർദ്ദിച്ച ശേഷം ഭാര്യ വീട്ടുകാർ പോയതിന് ശേഷവും രാത്രി മുഴുവന്‍ ഇയാൾ തൂണിൽ കെട്ടിയിട്ട നിലയിൽ തുടരുകയായിരുന്നു.
ജലന്ത ബാലിയര്‍സിങ് എന്ന യുവാവിനെയാണ് ഭാര്യ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് മുൻപ് പഞ്ചായത്ത് സഭ കൂടുകയും ഭാര്യയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ നടക്കുന്നതിനിടെയായിരുന്നു ഭാര്യ വീട്ടുകാര്‍ ഇയാളെ ഉപദ്രവിക്കുന്നത്. വ്യാഴാഴ്ച്ച രാത്രി ഭാര്യയുടെ ഗ്രാമത്തില്‍ പച്ചക്കറി വാങ്ങാന്‍ പോയ ഇയാളെ ഭാര്യ വീട്ടുകാര്‍ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അടുത്ത ദിവസം പൊലീസ് എത്തിയ ശേഷമാണ് അയാളെ മോചിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlight; Odisha Man Tied to Tree, Beaten, and Left Overnight by In-Laws