
ന്യൂഡൽഹി: ജിഎസ്ടി ഘടനയിൽ നിർണ്ണായക അഴിച്ചുപണിയ്ക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. നിലവിലുള്ള അഞ്ച് നികുതി സ്ലാബുകൾക്ക് പകരം രണ്ട് നികുതി സ്ലാബുകൾ നടപ്പിലാക്കാനുള്ള നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ജിഎസ്ടി കൗൺസിലിന് അയച്ചിരിക്കുന്നത്. പ്രധാനമായും 12 ശതമാനം സ്ലാബ് നീക്കം ചെയ്ത് അഞ്ച് ശതമാനം, 18 ശതമാനം നികുതി സ്ലാബുകൾ നിലനിർത്താനാണ് സർക്കാർ നിർദ്ദേശം. പുകയില, പാൻ മസാല തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾക്ക് 40 ശതമാനം ജിഎസ്ടി നേരിടേണ്ടിവരുമെന്നും നിർദ്ദേശമുണ്ട്. സെപ്റ്റംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിലിന് ഈ നിർദ്ദേശം അയച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തിൽ മാറ്റങ്ങൾ അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി പരിഷ്കാരങ്ങൾ സംബന്ധിച്ച് സൂചന നൽകിയിരുന്നു. ദീപാവലിക്ക് അടുത്ത തലമുറ ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 'ഈ ദീപാവലിക്ക് ഞാൻ ഒരു മികച്ച സമ്മാനം നൽകാൻ പോകുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഞങ്ങൾ ഒരു പ്രധാന ജിഎസ്ടി പരിഷ്കരണവും ലളിതമാക്കിയ നികുതികളും നടപ്പിലാക്കി. ഇപ്പോൾ, ഒരു അവലോകനത്തിനുള്ള സമയം വന്നിരിക്കുന്നു. ഞങ്ങൾ അത് നടത്തി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു, 'അടുത്ത തലമുറ ജിഎസ്ടി പരിഷ്കരണം' അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്' എന്നായിരുന്നു ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. വ്യക്തികൾക്കുള്ള അവശ്യ സേവനങ്ങളുടെ നികുതി ഗണ്യമായി കുറയുമെന്നും എംഎസ്എംഇകൾക്ക് ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കാർഷിക ഉൽപ്പന്നങ്ങൾ, ആരോഗ്യ സംബന്ധിയായ ഇനങ്ങൾ, കരകൗശല വസ്തുക്കൾ, ഇൻഷുറൻസ് എന്നിവയ്ക്കുള്ള നികുതി ഇളവുകൾ പുതിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. പുതിയ നീക്കം ഉപഭോഗം വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്നുമാണ് സർക്കാർ കണക്കാക്കുന്നത്.
നിലവിൽ ജിഎസ്ടിയിൽ അഞ്ച് പ്രധാന സ്ലാബുകളാണ് ഉള്ളത്. 0 ശതമാനം, 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണവ. ഇതിൽ 12 ശതമാനം, 18 ശതമാനം സ്ലാബുകൾ സ്റ്റാൻഡേർഡ് നിരക്കുകളാണ്. ഇവ സാധനങ്ങളുടെയും സേവനങ്ങളുടെയും വലിയൊരു ഭാഗം ഉൾക്കൊള്ളുന്നു. 12 ശതമാനം സ്ലാബ് നീക്കം ചെയ്ത് ആ ഇനങ്ങൾ 5 ശതമാനം, 18 ശതമാനം വിഭാഗങ്ങളിലേക്ക് പുനർവിതരണം ചെയ്യുക എന്നതാണ് നിർദ്ദിഷ്ട പരിഷ്കാരങ്ങളുടെ ലക്ഷ്യം.
കുറഞ്ഞ ജിഎസ്ടി നിരക്കുകൾ താൽക്കാലികമായി വരുമാനത്തെ ബാധിച്ചേക്കാമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഈ നഷ്ടം നികത്താൻ കഴിയുമെന്നും സർക്കാർ വിലയിരുത്തുന്നതായാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗമായിരിക്കും നികുതി നിർദ്ദേശങ്ങളിലെ അന്തിമ ഘടനയെക്കുറിച്ച് തീരുമാനിക്കുക. ദീപാവലിക്ക് മുമ്പ് ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: The government has proposed reducing GST to two slabs