'കടന്നല്‍ കുത്തിയിട്ടാണോ അരിയില്‍ മോഹനന്റെ തലയോട്ടി പിളര്‍ന്നത്'; മുസ്‌ലിം ലീഗിനെതിരെ കെ കെ രാഗേഷ്

ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍കരീം ചേലേരി പ്രസ്താവന പിന്‍വലിക്കണമെന്ന് കെ കെ രാഗേഷ്

dot image

കണ്ണൂര്‍: രക്തസാക്ഷി മോഹനനെ മുസ്‌ലിം ലീഗ് അധിക്ഷേപിക്കുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കൊന്നിട്ടും പക തീരാതെയാണ് അധിക്ഷേപമെന്നും കെ കെ രാഗേഷ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും കടന്നല്‍ കുത്തിയിട്ടാണോ മോഹനന്റെ തലയോട്ടി പിളര്‍ന്നതെന്ന് ലീഗ് പറയണമെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.

ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍കരീം ചേലേരി പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മുസ്‌ലിം ലീഗ് കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. പരിയാരം പഞ്ചായത്തില്‍ ലീഗ് 3000 വ്യാജ വോട്ടുകള്‍ക്ക് അപേക്ഷകള്‍ നല്‍കി. നാറാത്ത് പഞ്ചായത്തില്‍ ആയിരത്തിലേറെ വ്യാജ വോട്ടര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരിയില്‍ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നായിരുന്നു ലീഗിന്റെ ആരോപണം. അബ്ദുല്‍കരീം ചേലേരിയാണ് സിപിഐഎമ്മിനെതിരെ പത്രസമ്മേളനത്തിനിടെ ആരോപണം ഉന്നയിച്ചത്. മോഹനനന്റെ മരണം ആക്രമണത്തെ തുടര്‍ന്നല്ലെന്നും അബ്ദുല്‍കരീം പറഞ്ഞിരുന്നു. മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനും പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അബ്ദുല്‍കരീം പറഞ്ഞിരുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അരിയില്‍ മോഹനനെതിരെ ആക്രമണം നടന്നത്. സംഭവത്തില്‍ മോഹനന് പരിക്കേറ്റിരുന്നു. അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് നിരവധി തവണ ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. അരിയില്‍ മോഹനന്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നില്ല, പക്ഷെ അദ്ദേഹം തുടര്‍ചികിത്സയിലായിരുന്നു എന്നും അബ്ദുല്‍കരീം പറഞ്ഞിരുന്നു.

ഇത്ര വര്‍ഷങ്ങള്‍ കഴിയുമ്പോഴും അരിയില്‍ മോഹനന്റെ പേരില്‍ മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച് സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് തുനിയുന്നത് ശെരിയല്ല. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കടന്നല്‍ കുത്തേറ്റ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. കൃത്യമായ മരണ കാരണം പരിശോധിക്കേണ്ടതുണ്ട്. അബ്ദുല്‍കരീം ചേലേരി കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ളയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് മുസ്ലിം ലീഗ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ അരിയിലിലെ വള്ളേരി മോഹനന്‍(60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്.

Content Highlights: K K Ragesh against Muslim League on defaming Ariyil Mohanan

dot image
To advertise here,contact us
dot image