ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻശുചീകരണതൊഴിലാളിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണം:കര്‍ണാടക പ്രതിപക്ഷനേതാവ്

മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ക്ഷേത്രത്തില്‍ നിന്നുതന്നെയാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു.

dot image

ബെംഗളൂരു: ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക. മുഖം മൂടി നടക്കുന്ന സാക്ഷിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും കേസന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറണമെന്നും ആര്‍ അശോക ആവശ്യപ്പെട്ടു. മുന്‍ ശുചീകരണ തൊഴിലാളിയുടെ പരാതിയില്‍ ഒരുകോടി രൂപയിലധികം ചിലവഴിച്ച് ഭാരമേറിയ യന്ത്രങ്ങളും ഡ്രോണുകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് ആര്‍ അശോക ഇക്കാര്യം പറഞ്ഞത്.

'ധര്‍മസ്ഥലയില്‍ കുഴികള്‍ കുഴിച്ച് പരിശോധനകള്‍ നടത്തലിന് നേതൃത്വം നല്‍കുന്ന മാസ്‌ക് ധരിച്ചയാള്‍ ആരാണ്? അയാളുടെ പേര് ചിന്നയ്യ എന്നാണ് എന്നും അയാള്‍ ക്രിസ്തുമതം സ്വീകരിച്ചുവെന്നുമാണ് ആളുകള്‍ പറയുന്നത്. പൊലീസ് അയാള്‍ക്ക് സംരക്ഷണം കൊടുക്കുന്നു, കഴിക്കാന്‍ ബിരിയാണി വാങ്ങിക്കൊടുക്കുന്നു. അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നു. പക്ഷെ ഒരു എലിയെപ്പോലും കണ്ടുപിടിച്ചിട്ടില്ല ഇതുവരെ.'- ആര്‍ അശോക പറഞ്ഞു.

കോടതി ഉത്തരവോ നിര്‍ദേശങ്ങളോ ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്നും അതിനുപിന്നില്‍ വിദേശഫണ്ടുകളും ഗൂഢാലോചനയും ഉണ്ടാകാമെന്നും ആര്‍ അശോക ആരോപിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ എന്‍ ഐ എ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ധര്‍മസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തെ അപമാനിച്ചുവെന്നും ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യംവയ്ക്കുന്ന രീതി തന്നെ കോണ്‍ഗ്രസിനുണ്ടെന്നും അശോക ആരോപിച്ചു. ശബരിമല, തിരുപ്പതി, ശനി സിംഗ്നപൂര്‍ ക്ഷേത്രങ്ങളെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ധര്‍മസ്ഥലയുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധര്‍മസ്ഥലയില്‍വെച്ച് മകളെ കാണാതായെന്ന പരാതിയുമായി വന്ന സുജാത ഭട്ട് എന്ന സ്ത്രീയെക്കുറിച്ചും ആര്‍ അശോക പ്രതികരിച്ചു. 'മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് അവര്‍ പരാതിയുമായി വന്നത്. എന്നാല്‍ അവരുടെ തന്നെ ബന്ധുക്കള്‍ പറയുന്നത് അവര്‍ക്ക് അങ്ങനൊരു മകളേ ഇല്ലെന്നാണ്. അങ്ങനെ ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്ല. ഇത്തരം കേസുകള്‍ നയിക്കുന്നത് ആരാണ്? പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ഇത്തരത്തില്‍ വലിയ തോതിലുളള ഖനനം നടത്തുന്നതിന് മുന്‍പ് മുഖംമൂടി ധരിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കാനുളള സാമാന്യബുദ്ധി സര്‍ക്കാര്‍ കാണിക്കണമായിരുന്നു. ഇത് സ്‌പോണ്‍സര്‍ ചെയ്തുളള പ്രവര്‍ത്തനങ്ങളാണ്. ഇതിനുപിന്നില്‍ ആരൊക്കെയാണ് ഉളളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്'- ആര്‍ അശോക കൂട്ടിച്ചേര്‍ത്തു.

മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ ക്ഷേത്രത്തില്‍ നിന്നുതന്നെയാണ് തനിക്ക് നിര്‍ദേശം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. 'എനിക്കൊപ്പം ഈ ജോലി ചെയ്യാന്‍ നാലുപേര്‍ കൂടിയുണ്ടായിരുന്നു. അവിടെ ശ്മശാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ കാടുകളിലും നദീതീരങ്ങളിലും പഴയ റോഡുകള്‍ക്കരികിലുമാണ് കുഴിച്ചിട്ടത്. ബാഹുബലി കുന്നില്‍ ഒരു സ്ത്രീയുടെ മൃതദേഹം അടക്കം ചെയ്തു. നേത്രാവദി നദീതീരത്ത് എഴുപതോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. പ്രദേശവാസികള്‍ പലപ്പോഴും ഞങ്ങള്‍ മൃതദേഹം മറവുചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആരും ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ഞങ്ങള്‍ക്ക് ഉത്തരവുകള്‍ ലഭിക്കും, ഞങ്ങളത് ചെയ്യണം. അതായിരുന്നു ഞങ്ങളുടെ ജോലി'-എന്നാണ് മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞത്.

Content Highlights: R Ashoka demand Disclose identy of masked man in dharmasthala

dot image
To advertise here,contact us
dot image