
ബെംഗളൂരു: കന്നഡ സിനിമാ താരം ദർശൻ അറസ്റ്റിൽ. രേണുകാ സ്വാമി വധക്കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ദർശൻ്റെ അറസ്റ്റ്. ബെംഗളൂരു പൊലീസാണ് ദർശനെ സ്വവസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടി പവിത്ര ഗൗഡ ഉൾപ്പെടെയുള്ള കേസിലെ മറ്റ് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ദർശന് ജാമ്യം നൽകിയ ഹൈക്കോേടതി ഉത്തരവ് ഇന്ന് രാവിലെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം ബെഞ്ചാണ് കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ദർശൻ അടക്കമുള്ള അഞ്ച് പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കോസിൽ ജാമ്യം അനുവദിക്കുന്നത് വിചാരണയെ ബാധിക്കുമെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാണിച്ചിരുന്നു.
ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ദർശൻ മർദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശ് അയച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് കണ്ടെത്തൽ. ദർശന് പവിത്രയുമായി അടുപ്പം ഉണ്ടായിരുന്നു.
രേണുകസ്വാമിയുടെ കൊലപാതകത്തിൽ രണ്ടാം പ്രതിയാണ് ദർശൻ. സഹായികളുടെ പിന്തുണയോടെയാണ് ദർശൻ രേണുകാസ്വാമിയെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതെന്നാണ് കേസ്. സംഭവം പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കന്നഡ നടന് വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു, പിന്നാലെ അറസ്റ്റിലായ ദർശൻ മാസങ്ങളോളം ജയിലിൽ കിടന്നിരുന്നു. പിന്നീട് കർണാടക ഹൈക്കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlights: Kannada Actor Darshan Arrested Again