

ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കാൻ വരില്ലെന്നു തീരുമാനിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പഴയ ഭരണ സമിതിയുടെ തീരുമാനം ഉചിതമായില്ലെന്നു തുറന്നു സമ്മതിച്ച് പുതിയ അധ്യക്ഷനും മുൻ താരവുമായ തമീം ഇഖ്ബാൽ.
ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് തകർന്ന ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പഴയ രീതിയിലാക്കാനുള്ള ഒരുക്കത്തിലാണ് ബിസിബി. ഇന്ത്യയെ നാട്ടിലേക്ക് കൊണ്ടു വന്നു പരമ്പര കളിക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നുണ്ട്. അതിനിടെയാണ് തമിം ഇഖ്ബാലിന്റെ ശ്രദ്ധേയ പ്രതികരണം.
ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളിലേക്കും അവരുടെ പങ്കാളിത്തം ഇല്ലാതായി പോയതിലേക്കും നയിച്ചത്. വേദി മാറ്റം ഐസിസി അംഗീകരിച്ചില്ല. ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിൽക്കുകയും ചെയ്തതോടെ സമവായം നടന്നില്ല. ബംഗ്ലാദേശിനു പകരം സ്കോട്ലൻഡ് ടൂർണമെന്റ് കളിച്ചു.
'ടി20 ലോകകപ്പ് പ്രശ്നം ഉണ്ടായപ്പോൾ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ മിക്കവാറും ഞാനായിരിക്കും. മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധികൃതർ ആ സാഹചര്യം കൈകാര്യം ചെയ്ത രീതി ശരിയായില്ല. ഐസിസി അക്കാര്യത്തിൽ വിട്ടുവീഴ്ചാ മനോഭാവം കാണിച്ചിരുന്നു. ഒരു പരിഹാരം കണ്ടെത്താൻ അവിടെ അവസരമുണ്ടായിരുന്നു. അത് നമ്മൾ കണ്ടെത്തണമായിരുന്നു.'
'എന്നാൽ ഇ കൃത്യമായ ചർച്ചകൾ പോലും നടത്താതെ നമ്മൾ ഒരു ലോകകപ്പ് വിട്ടുകളഞ്ഞു. ആ സ്ക്വാഡിൽ ഇനിയൊരു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളും ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യം അംഗീകരിക്കാൻ പറ്റില്ല.'
ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം സംബന്ധിച്ച കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിന്റെ സൂചനകളും അദ്ദേഹം നൽകി.
Content highlight: Tamim Iqbal slams former BCB over T20 World Cup 2026 decision