ന്യൂട്ടന്‍ സിനിമയുടെ കാന്‍ മാര്‍ക്കറ്റ് തുടക്കം; സലിം അഹമ്മദിന്റെ 'ലെഫ്‌റ്റോവര്‍' പ്രഖ്യാപിച്ചു

ന്യൂട്ടന്‍ സിനിമ നിര്‍മ്മിച്ച് സെമ്മലര്‍ അന്നം സംവിധാനം ചെയ്ത 'മയിലാ'യുടെ പ്രത്യേക സ്‌ക്രീനിംഗ് മെയ് 12ന് കാനിലെ ലെറിന്‍ സിനിമ ക്ലബ്ബില്‍ നടക്കും

ന്യൂട്ടന്‍ സിനിമയുടെ കാന്‍ മാര്‍ക്കറ്റ് തുടക്കം; സലിം അഹമ്മദിന്റെ 'ലെഫ്‌റ്റോവര്‍' പ്രഖ്യാപിച്ചു
dot image

അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാര്‍ഷേ ദു ഫിലിമില്‍ (Marché du Film) ആദ്യമായി സാന്നിധ്യം അറിയിച്ച് ന്യൂട്ടന്‍ സിനിമ. ന്യൂട്ടന്‍ സിനിമ നിര്‍മ്മിച്ച് സെമ്മലര്‍ അന്നം സംവിധാനം ചെയ്ത 'മയിലാ'യുടെ പ്രത്യേക സ്‌ക്രീനിംഗ് മെയ് 12ന് കാനിലെ ലെറിന്‍ സിനിമ ക്ലബ്ബില്‍ (LérinsCinéma Club) നടക്കും.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളിലായി സ്വതന്ത്ര ചലച്ചിത്ര ശൈലിയും കലാത്മക ധൈര്യവും ആഗോള പ്രസക്തിയും കൈവരിക്കുന്ന സിനിമകളുമായി ന്യൂട്ടന്‍ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. സംവിധായകരുടെ വ്യക്തിമുദ്ര പതിഞ്ഞ സിനിമകളുടെ ശക്തമായ നിരയുമായി കാന്‍ മാര്‍ഷേ ദു ഫിലിമില്‍ അരങ്ങേറ്റം കുറിക്കുന്ന ന്യൂട്ടന്‍ സിനിമയുടെ ബൂത്ത് പലേ (Palais) -1, 27.03 ലാണ്.

ഇതോടൊപ്പം, ന്യൂട്ടന്‍ സിനിമ സലിം അഹമ്മദിന്റെ അഞ്ചാമത്തെ സംവിധാന ചിത്രമായ 'ലെഫ്‌റ്റോവര്‍' പ്രഖ്യാപിച്ചു. അര്‍ജുന്‍ രാധാകൃഷ്ണന്‍, സറിന്‍ ഷിഹാബ്, തന്‍മയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന സലിം അഹമ്മദും പി.വി. ഷാജികുമാറും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ശരണ്‍ വേലായുധന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് എ.ശ്രീകര്‍ പ്രസാദ്, സംഗീതം ക്രിസ്റ്റോ സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ആഷിക് എസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈന്‍ ഗായത്രി കിഷോര്‍, മേക്കപ്പ് സലാം എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയതോടൊപ്പം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയും ശ്രദ്ധ നേടിയിരുന്നു. 'പത്തേമാരി', 'കുഞ്ഞനന്തന്റെ കട', 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു…''എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.

'ലെഫ്‌റ്റോവര്‍ നിശബ്ദത, ഓര്‍മ്മ, ധാര്‍മികമായ പ്രാധാന്യം എന്നിവയില്‍ നിന്നുമാണ് രൂപം കൊണ്ടത്. അതിശയോക്തികളില്ലാതെ വേദനയെ അവതരിപ്പിക്കുന്ന, വിശദീകരണം ആവശ്യമില്ലാത്ത മാന്യതയെ നിലനിര്‍ത്തുന്നതുമായ ഈ ചിത്രം അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു പൊതുവായ അനുഭവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ന്യൂട്ടന്‍ സിനിമയിലൂടെ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന് മുന്നിലെത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അതിയായ സന്തോഷവാനാണ്' - സലിം അഹമ്മദ് പറഞ്ഞു.

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ടൗളൂസ് ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച 'മയിലാ' ടൗളൂസില്‍ ഓഡിയന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലെഫ്‌റ്റോവറിന്റെ വേള്‍ഡ് പ്രീമിയര്‍ പ്ലാനുകള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും.

ന്യൂട്ടന്‍ സിനിമയുടെ കാന്‍ മാര്‍ക്കറ്റ് പട്ടികയില്‍ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന വിത്താനഗെ, അനുഷ്‌ക സേനാനായകെ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ച 'ദി ഗാംബ്ലര്‍' എന്ന ചിത്രവും ഉള്‍പ്പെടുന്നു. റോഷന്‍ മാത്യു, ശ്വേത ബസു പ്രസാദ്, പ്രകാശ് രാജ്, മഹേന്ദ്ര പെരേര, ലക്ഷണ്‍ അബേനായകെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയും എടിറ്റിംഗ് എ. ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. കെ. സംഗീതവും തപസ് നായക് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ദ സോര്‍ബോണ്‍ കോണ്‍സ്പിറസിയും, മുന്‍പ് തന്റെ ആദ്യ ചിത്രത്തിലൂടെ ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയ നിതിന്‍ ലൂക്കോസ് ഒരുക്കുന്ന ദ വൈല്‍ഡ് ഹണ്ടും ഈ നിരയില്‍ ഉള്‍പ്പെടുന്നു.

ലെഫ്‌റ്റോവര്‍, മയിലാ എന്നിവയുടെ തിയറ്റര്‍ റിലീസും മറ്റ് ഫെസ്റ്റിവല്‍ ജേര്‍ണിയുമായി ബന്ധപ്പെട്ട് ന്യൂട്ടന്‍ സിനിമ അന്താരാഷ്ട്ര വില്‍പ്പന പ്രതിനിധികളുമായും ഇന്ത്യന്‍ വിതരണ പങ്കാളികളുമായും അന്തിമ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ന്യൂട്ടന്‍ സിനിമയുടെ സ്ഥാപകനും സിഇഒയും നിര്‍മ്മാതാവുമായ ആന്റോ ചിറ്റിലപ്പിള്ളി പറഞ്ഞു: ''സ്വന്തമായൊരു ചലച്ചിത്രഭാഷയും സാമൂഹിക ബോധവുമുള്ള സംവിധായകര്‍ക്ക് ഒരിടമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലെഫ്‌റ്റോവര്‍, മയിലാ, കൂടാതെ വരാനിരിക്കുന്ന സിനിമകളിലൂടെ സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കാനും, ബുദ്ധിമുട്ടുള്ള എന്നാല്‍ പറയേണ്ടതുമായ വിഷയങ്ങളുള്ള കഥകള്‍ സംരക്ഷിക്കാനും, കേള്‍ക്കാതെ പോകുന്ന ശബ്ദങ്ങളെ ലോക സിനിമയുടെ വേദിയിലേക്ക് കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ന്യൂട്ടന്‍ സിനിമ, സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാക്കള്‍, പ്രാതിനിധ്യം കുറഞ്ഞ ശബ്ദങ്ങള്‍ എന്നിവയ്ക്കായുള്ള ഒരു അന്താരാഷ്ട്ര നിര്‍മ്മാണ സ്ഥാപനമാണ്. ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, കൊളംബോ, ശ്രീലങ്ക, ഇന്ത്യയിലെ കൊച്ചി എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.

Content Highlights: Newton Cinema's Cannes Market debut; Salim Ahmed's 'The Leftover' announced

dot image
To advertise here,contact us
dot image