ഉത്തര കാശിയിലെ മിന്നല്‍ പ്രളയം: 10 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്; 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ

അമ്പതിലേറേ പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

dot image

ഡെറാഡൂണ്‍: ഉത്തര കാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ പത്ത് സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ സൈനികരെ കാണാതായതായി സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സ്ഥലത്ത് കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. മറ്റുളളവർക്കായി തിരച്ചിൽ തുടരുകയാണ്.

സൈനിക ക്യാംപില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ധരാലിയില്‍ ഉച്ചയ്ക്ക് 1.15 ഓടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘങ്ങളും ധരാലിയിലെത്തിയിട്ടുണ്ട്.

ഗംഗോത്രിയിലേക്കുളള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംസ്‌റ്റേകളുമുളള മേഖലയാണ് ധരാലി. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി 150 ഓളം സൈനിര്‍ ധരാലിയിലെത്തി. സ്ഥലത്ത് കുടുങ്ങിക്കിടന്ന ആളുകളെ രക്ഷപ്പെടുത്തി. ഇതുപതിലധികം പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. നാലുപേരുടെ മൃതദേഹം ലഭിച്ചു. ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുളള വാര്‍ത്ത അങ്ങേയറ്റം ദുഖകരമാണെന്നും എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടവുമുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി സംസാരിച്ചെന്നും സ്ഥിതിഗതികൾ വിലയിരുത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 'ഉത്തരകാശിയിലെ ധരാലിയിൽ ദുരന്ത ബാധിതർക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. എല്ലാവരുടെയും ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. മുഖ്യമന്ത്രി പുഷ്കർ ധാമിയുമായി ഞാൻ സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ദുരന്ത നിവാരണ സംഘങ്ങൾ സാധ്യമായ എല്ലാ രക്ഷാ ശ്രമങ്ങളും നടത്തുകയാണ്. ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള ഒരു ശ്രമവും പാഴാക്കില്ല'', നരേന്ദ്രമോദി കുറിച്ചു. ഇനിയും നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഉയരാനാണ് സാധ്യത.

Content Highlights: Flash floods in Uttarakhand: 10 soldiers reported missing; government says 130 rescued

dot image
To advertise here,contact us
dot image