
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിന്റെ ലോക്‌സഭയിലെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വന്തം രാജ്യത്തെ വിദേശകാര്യമന്ത്രിയെ നിങ്ങൾക്ക് വിശ്വാസമില്ലെന്നും പാർട്ടിയിലെ മറ്റ് ചില വിദേശ വ്യക്തികളുടെ താത്പര്യങ്ങൾക്കാണ് കോൺഗ്രസ് പ്രാധാന്യം നൽകുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഇതുകൊണ്ടാണ് നിങ്ങൾ പ്രതിപക്ഷത്തിരിക്കുന്നത് എന്നും അടുത്ത 20 വർഷവും നിങ്ങൾ അവിടെത്തന്നെ ആയിരിക്കുമെന്നും അമിത് ഷാ വിമർശിച്ചു.
കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂറിൽ ചർച്ച നടന്നിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ മറുഭാഗത്ത് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനിടെ ജയ്‌ശങ്കറിനോട് ഇരിക്കാൻ ആവശ്യപ്പെട്ട് അമിത് ഷാ എഴുന്നേറ്റു. തുടർന്ന് പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. ' അവർക്ക് സ്വന്തം വിദേശകാര്യമന്ത്രിയെ വിശ്വാസമില്ല. അവരുടെ പാർട്ടിയിലെ ചില വിദേശ പൗരന്മാരുടെ താത്പര്യം എന്താണെന്ന് എനിക്കറിയാം. എന്നാൽ അത് ലോക്‌സഭയിൽ അടിച്ചേൽപ്പിക്കരുത്', അമിത് ഷാ പറഞ്ഞു. തുടർന്ന് ഈ സ്വഭാവം കൊണ്ടാണ് അവർ പ്രതിപക്ഷത്തിരിക്കുന്നത് എന്നും അടുത്ത 20 വർഷവും അവിടെത്തന്നെയാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വലിയ ബഹളമാണ് സഭയിൽ ഉണ്ടായത്. ഇതിനിടെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദത്തിലും ജയ്‌ശങ്കർ വ്യക്തത വരുത്തിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ സമയത്തോ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച സമയത്തോ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തോ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല. ജെ ഡി വാന്‍സുമായി സംസാരിച്ചിരുന്നുവെങ്കിലും വെടിനിര്‍ത്തലിനെ സംബന്ധിച്ചോ, അവര്‍ വാദിക്കുന്നത് പോലെ വ്യാപര ചര്‍ച്ചകളോ നടന്നിരുന്നില്ല എന്നുമാണ് ജയ്ശങ്കർ വ്യക്തമാക്കിയത്.
ചർച്ച ആരംഭിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓപ്പറേഷൻ സിന്ദൂറിനെ ചരിത്രപരമായ നീക്കമെന്നാണ് വിശേഷിപ്പിച്ചത്. തുടർന്ന് എങ്ങനെയാണ് ഇന്ത്യ ദൗത്യം നടത്തിയത് എന്നും പ്രതിരോധ മന്ത്രി വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണം പ്രതിരോധമായിരുന്നുവെന്നും ഭീകര പ്രവർത്തനം ആരംഭിച്ചാൽ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്നും രാജ്‌നാഥ് സിങ് പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: amit shah against congress on disrupting jaishankar speech