ഇൻഡി​ഗോ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; ഗവേഷണ വിദ്യാർത്ഥി കസ്റ്റഡിയിൽ

സംഭവത്തെ തുട‍ർന്ന് ഒരു മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്

dot image

ചെന്നൈ: വിമാനത്തിൻ്റെ എമ‌ർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ​ഗവേഷണ വിദ്യാ‌ർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്രാസ് ഐഐടിയിൽ ​ഗവേഷണ വിദ്യാ‍‌ർത്ഥിയായ ഹൈദാരബാദ് സ്വദേശി സ‍ർക്കർ ആണ് പിടിയിലായത്. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. ഞായറാഴ്ച വൈകിട്ട് ചെന്നൈയിൽ നിന്ന് ബം​ഗാളിലെ ദു‌ർ​ഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇൻഡി​ഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്.

യാത്രക്കാരും ജീവനക്കാരുമ‌‌ടക്കം 164 പേരുമായി പുറപ്പെടാനൊരുങ്ങിയ ഇൻഡി​ഗോ വിമാനം റൺവേയിലേക്കു നീങ്ങുന്നതിനി‌ടെ കോക്പിറ്റിലെ എമ‍‌ർജൻസി അലാം മുഴങ്ങുകയായിരുന്നു. പൈലറ്റിൻ്റെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരണ് എമർജൻസി വാതിൽ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്.

വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന സ‍ർക്കാരിനെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് ദു‍‌ർ​ഗാപുരിലേക്ക് പോകുകയാണെന്നും അബദ്ധത്തിൽ എമർജൻസി ബട്ടണിൽ അമ‍ർത്തിയതാണെന്നുമാണ് ഇയാൾ വ്യക്തമാക്കിയത്. എന്നാൽ വിമാനക്കമ്പനി ജീവനക്കാ‌ർ ഇയാളുടെ ടിക്കറ്റ് റദ്ദാക്കി വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.സംഭവത്തെ തുട‍ർന്ന് ഒരു മണിക്കൂറോളം വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്.

Content Highlight : Research student in custody after trying to open emergency door while plane is moving towards runway

dot image
To advertise here,contact us
dot image