
ന്യൂഡൽഹി: 2024ൽ അമേഠിയിൽ മത്സരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാത്മക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. '2024 ൽ ഗാന്ധി കുടുംബം എന്നോട് പോരാടാൻ വിസമ്മതിച്ചു'വെന്നായിരുന്നു എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാത്മക സമീപനത്തിൽ മാറ്റം വരുത്തിയതെന്ന ചോദ്യത്തിനുള്ള സ്മൃതി ഇറാനിയുടെ നേരിട്ടുള്ള മറുപടി. 'അവർ യുദ്ധക്കളത്തിലേക്ക് പോലും കാലെടുത്തുവയ്ക്കുന്നില്ലെങ്കിൽ, ഞാൻ എന്താണ് പറയേണ്ടത്? എനിക്ക് അവരെ പിന്തുടരാൻ കഴിയില്ല' എന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ഗാന്ധി കുടുംബം വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ അനുകൂലമായ സാമൂഹിക ജനസംഖ്യാ സാഹചര്യങ്ങളാണെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു. 'ബുദ്ധിമാനായ ഒരു നേതാവും പരാജയം ഉറപ്പുള്ള ഒരു സീറ്റ് സ്വമേധയാ തെരഞ്ഞെടുക്കില്ല. അത്തരമൊരു സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ അത് പാർട്ടിയോടുള്ള കടമയുടെ പേരിൽ മാത്രമാണ്. എന്നാൽ 2019 ൽ, അസാധ്യമായതിനെ ഞാൻ സാധ്യമാക്കി' എന്നും സ്മൃതി ഇറാനി ചൂണ്ടിക്കാണിച്ചു.
2014ലെ അമേഠിയിലെ തോൽവിക്ക് പിന്നാലെയുള്ള അഞ്ച് വർഷം വിശ്രമമില്ലാതെ പ്രവർത്തിച്ചതിനെക്കുറിച്ചും സ്മൃതി ഇറാനി ഓർമ്മിച്ചെടുത്തു. 'ഞാൻ സ്വയം അഴുക്കുചാലുകൾ വൃത്തിയാക്കി. ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു. ഒരു ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു. ഒരു മെഡിക്കൽ കോളേജ്, 200 കിടക്കകളുള്ള ആശുപത്രി, ഒരു കളക്ടർ ഓഫീസ്, ഒരു പൊലീസ് ലൈൻ, ഒരു ഫയർ സ്റ്റേഷൻ പോലും സ്ഥാപിച്ചു'വെന്നും അവർ വ്യക്തമാക്കി. 2024 ൽ രാഹുൽ ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ വീണ്ടും തോൽപ്പിക്കാൻ എന്ന ചോദ്യത്തിന് 'തീർച്ചയായും, അതുകൊണ്ടാണ് അദ്ദേഹം മത്സരിക്കാത്തത്' എന്നായിരുന്നു ഇറാനിയുടെ മറുപടി. 2024ൽ അമേഠിയിൽ പരാജയപ്പെട്ടതിനെക്കുറിച്ചും സ്മൃതി ഇറാനി പ്രതികരിച്ചു. തനിക്ക് ആഴത്തിൽ ബന്ധമുള്ള സ്ഥലമാണ് അമേഠി എന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. 'ഞാൻ ജോലി ചെയ്തിരുന്നില്ലെങ്കിൽ, എന്റെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആളുകൾ പറഞ്ഞിരുന്നെങ്കിൽ, അത് കൂടുതൽ വേദനിപ്പിക്കുമായിരുന്നു. പക്ഷേ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു' എന്നും സ്മൃതി ഇറാനി വ്യക്തമാക്കി. 'ജോലിയും രാഷ്ട്രീയ സമവാക്യങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തിലുള്ളവർക്ക് ഇത് മനസ്സിലാകും. തെരഞ്ഞെടുപ്പ് രാഷ്ട്രീയം രാഷ്ട്ര സേവനത്തിന് തുല്യമല്ലെ'ന്നും സ്മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റിനെ തോൽപ്പിച്ചതിനാൽ തനിക്ക് ചില വാദപ്രതിവാദങ്ങളിൽ ഏർപ്പെടേണ്ടിവന്നുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
ടെലിവിഷൻ രംഗത്തേയ്ക്കുള്ള തന്റെ മടങ്ങി വരവ് രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലിന്റെ സൂചനയല്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. "49-ാം വയസ്സിൽ ആരാണ് വിരമിക്കുന്നത്? 49 വയസ്സിൽ, മിക്ക ആളുകളുടെയും കരിയർ ആരംഭിക്കുകയാണ്. ഞാൻ ഇതിനകം മൂന്ന് തവണ പാർലമെന്റ് അംഗമായിട്ടുണ്ട് എന്നായിരുന്നു രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടുള്ള സ്മൃതി ഇറാനിയുടെ പ്രതികരണം. 25 വർഷം മുമ്പ് തന്നെ താരമാക്കിയ ക്യോം കി സാസ് ഭി കഫി ബഹു ദി യിലൂടെയാണ് സ്മൃതി ഇറാനി വീണ്ടും സ്‌ക്രീനിൽ തിരിച്ചെത്തിയത്.
2019-ൽ രാഹുൽ ഗാന്ധിയെ കോൺഗ്രസിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമായ അമേഠിയിൽ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. എന്നാൽ 2024ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കിഷോരി ലാൽ ശർമ്മയോട് 1,67,196 വോട്ടിന് സ്മൃതി ഇറാനി പരാജയപ്പെടുകയായിരുന്നു. 2004 മുതൽ 2014വരെ അമേഠിയിൽ നിന്ന് തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന രാഹുൽ ഗാന്ധി 2019ൽ 55,120 വോട്ടിന് സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ 2024ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് മാറി സോണിയ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായിരുന്ന റയ്ബറേലിയിൽ നിന്നായിരുന്നു രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനെ നേടിട്ടത്. സിറ്റിംഗ് സീറ്റായിരുന്ന വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയിച്ചതിനെ തുടർന്ന് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്നുള്ള എം പി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. പിന്നീട് പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്ന് എം പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Smriti Irani Comment on the 'tone shift' on Rahul Gandhi