പ്രതിപക്ഷത്തിന് അമിത പ്രാധാന്യം നൽകി, ധൻകറിൻ്റെ നിലപാടുകൾ കേന്ദ്രത്തെ ചൊടിപ്പിച്ചു; രാജിക്ക് പിന്നിൽ ഭിന്നത?

രാജിക്ക് മുൻപ് വരേയ്ക്കും ധൻകർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

dot image

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസർക്കാരുമായുള്ള ഭിന്നതയെന്ന അഭ്യൂഹം ശക്തമാകുന്നു. ഡൽഹിയിലെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്മെന്റ് നടപടിയിൽ കേന്ദ്ര സർക്കാരും ഉപരാഷ്ട്രപതിയും രണ്ട് ധ്രുവങ്ങളിലായതാണ് ഭിന്നത രൂക്ഷമാക്കിയത് എന്നാണ് വിവരം. ഇംപീച്ച്മെൻ്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്മെൻ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ നിരവധി തവണ ജഗ്ദീപ് ധൻകറിനെ കണ്ടിരുന്നു. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, രാജ്യസഭാ കക്ഷി നേതാവ് ജെ പി നദ്ദ തുടങ്ങിയവർ ധൻകറിനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായിത്തന്നെ, ഇരുസഭകളിലും ഇത്തരത്തിലൊരു പ്രമേയം കേന്ദ്രസർക്കാർ തന്നെ അവതരിപ്പിക്കുമെന്നും ധൻകറിനെ അറിയിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വില കൊടുക്കാതെ പ്രതിപക്ഷ എംപിമാരുടെ പ്രമേയത്തിന് ധന്‍കർ പ്രാധാന്യം നൽകിയതാണ് ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നാണ് വിവരം.

രാജിക്ക് തൊട്ട് മുൻപ് വരേയും ധൻകർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ യശ്വന്ത് വർമയ്‌ക്കെതിരായ പ്രമേയവും ചർച്ചയതായാണ് റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ധൻകർ പുറത്തുപറയാൻ തയ്യാറായിരുന്നില്ല. ഇതോടെ ധൻകർ പ്രതിപക്ഷത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇവയെല്ലാമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇവയ്‌ക്കെല്ലാം പുറമെ ചെറിയ പിണക്കങ്ങളും രാജിക്ക് കാരണമായിട്ടുണ്ട് എന്നാണ് വിവരം. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വൺസ് ഇന്ത്യ സന്ദർശിച്ചപ്പോൾ, മോദിക്ക് പുറമെ താനും വാൻസുമായി കൂടിക്കാഴ്ച നടത്തുമെന്ന് ധൻകർ പറഞ്ഞിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രിമാരുടെ ഓഫീസിൽ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊപ്പം തന്റെ ചിത്രവും സ്ഥാപിക്കണമെന്നും, തന്റെ വാഹനവ്യൂഹം ബെൻസ് കാറുകളാക്കി മാറ്റണമെന്നും ധൻകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും നടപ്പായിരുന്നില്ല. തുടർന്നുണ്ടായ അതൃപ്തിയും രാജിക്ക് ഒരു കാരണമായിരിക്കാമെന്നും വിവരങ്ങളുണ്ട്.

അതേസമയം, രാജിവെച്ച ജഗ്ദീപ് ധൻകർ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. രാജി കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ വസതിയൊഴിയാനുള്ള നടപടി ആരംഭിച്ചിരുന്നു. ധന്‍കറിന്റെ അപ്രതീക്ഷിത രാജിയെ പറ്റി മനസിലാക്കാനായി പല പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്കു ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, കൂടിക്കാഴ്ചയ്ക്കായുള്ള അനുമതി അദ്ദേഹം നല്‍കുന്നില്ലെന്നാണ് വിവരം.

രാജിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് നിരവധി പ്രതിപക്ഷനേതാക്കളും രംഗത്തുവരുന്നുണ്ട്. ധന്‍കറിന്റെ രാജിക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മര്‍ദ്ദമാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജിവെച്ചില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് ധന്‍കറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ടിഎംസിയുടെ ആരോപണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാനാണ് പദ്ധതിയെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചിരുന്നു. ജൂലൈ 21ന് രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമെന്നായിരുന്നു വിശദീകരണം.

Content Highlights: Rift between centre main reason for jagdeep dhankars resignation, report

dot image
To advertise here,contact us
dot image