പുതു ചരിത്രമെഴുതി ശുഭാന്‍ഷു ശുക്ലയുടെ മടക്കം; ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

17 ​ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിൻ്റെ തിരിച്ചു വരവ്

dot image

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടുന്ന സംഘമാണ് ദൗത്യം പൂര്‍ത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങുന്നത്. ഇന്ന് വൈകുന്നേരം 4.30നാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്യുക. 17 ​ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിന്റെ തിരിച്ചു വരവ്.

ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാന്‍ഷു വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞു. ബഹിരാകാശ പര്യവേഷണത്തിലേക്കുളള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതേയുള്ളൂ എന്നും ശുഭാന്‍ഷു പറഞ്ഞു. ബഹിരാകാശ ദൗത്യത്തിന്റെ അൺഡോക്കിങ്ങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പടെ നാല് പേരാണ് ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ശുഭാന്‍ഷു. ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമായിരുന്നു.

സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്‌സിയം- 4. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാന്‍ഷു ശുക്ല പ്രത്യേകമായി ചെയ്തിരുന്നു. ശുഭാന്‍ഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരില്‍ ഒരാളാണ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ ശുഭാന്‍ഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉള്‍പ്പെടുന്നു. പ്രശാന്ത് നായരും ഗഗന്‍യാന്‍ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാന്‍ഷുവിന് സ്‌പേസ് എക്‌സും ആക്‌സിയം സ്‌പേസും പ്രത്യേക പരിശീലനം നല്‍കിയിരുന്നു.

ബഹിരാകാശ നിലയത്തിൽ എത്തിയതിന് ശേഷം വീഡിയോ സ്ട്രീമിങ്ങിലൂടെ നേരത്തെ ശുഭാന്‍ഷു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ബഹിരാകാശത്ത് നിന്ന് കാണുമ്പോൾ ലോകം ഒന്നായി തോന്നുന്നു എന്നും ആകാശത്തിന് അതിരുകൾ ഇല്ല, സ്വപ്നങ്ങൾ നേടിയെടുക്കാമെന്നും ശുഭാന്‍ഷു അന്ന് പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് പ്രധാനമന്ത്രി ശുഭാംശുവിനോടും പറഞ്ഞിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ഈ ദൗത്യം. കാരണം ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആര്‍ഒയുടെ നാല് ബഹിരാകാശ യാത്രികരില്‍ ഒരാളാണ് ശുഭാന്‍ഷു. അതുകൊണ്ട് തന്നെ ശുഭാംശുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഇന്ത്യ വളരെ പ്രതീക്ഷയോടെയായിരുന്നു നോക്കി കണ്ടിരുന്നത്.

Content Highlights: Indian Astronaut Shubhanshu Shukla Prepares for his Return to Earth

dot image
To advertise here,contact us
dot image