
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ഇതിന് പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും പരിക്കേറ്റവരുടെ കുടുംബത്തിന് അന്‍പതിനായിരം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെയായിരുന്നു ഗുജറാത്തില്‍ പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന 'ഗംഭീര' എന്ന പാലമാണ് തകര്‍ന്നത്. സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു അപകടം. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയും നദിയില്‍ പതിച്ചതായി വഡോദര ജില്ലാ കളക്ടര്‍ അനില്‍ ധമേലിയ പറഞ്ഞു. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാലം തകര്‍ന്നുവീണതിന് ശേഷമുള്ള ഒരു വീഡിയോ പുറത്തുവന്നിരുന്നു. പാലത്തിന്റെ പൊളിഞ്ഞ ഭാഗത്ത് ഒരു ട്രക്ക് കുടുങ്ങിക്കിടക്കുന്നതാണ് വീഡിയോയില്‍. എട്ട് മണിക്കൂറോളം ഈ രീതിയില്‍ പൊളിഞ്ഞ ഭാഗത്ത് ട്രക്ക് കുടുങ്ങിക്കിടന്നു. ഇതിനിടെ ട്രക്ക് ഡ്രൈവര്‍ സാവധാനത്തില്‍ ട്രക്കില്‍ നിന്ന് പുറത്തുകടന്നു. ഇതിന് ശേഷം ഇയാളെ കാണാതായി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാലത്തിൽ ട്രാഫിക് ബ്ലോക്ക് രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പാലം നിർമിക്കാന്‍ അടുത്തിടെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികളും ഡിസൈനിംഗും പുരോഗമിക്കുകയാണ്. ഏകദേശം 212 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
Content Highlights- 13 people dead in bridge collapsed incident in Gujarat