സൈലൻസ് ഫോർ ഗാസ: കാലോചിതമായ സമരരീതി, സിപിഐഎം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് എം എ ബേബി

അരമണിക്കൂര്‍ സമരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും അഭ്യര്‍ത്ഥനയാണെന്നും എം എ ബേബി

dot image

ന്യൂഡല്‍ഹി: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ പ്രതിഷേധത്തില്‍ ഭാഗമാകാന്‍ ആഹ്വാനം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഈ കാലഘട്ടത്തിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ള സമരമാണിതെന്ന് എം എ ബേബി പറഞ്ഞു. എല്ലാദിവസവും രാത്രി ഒമ്പത് മുതല്‍ 9.30 വരെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്തു വയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അരമണിക്കൂര്‍ സമരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും അഭ്യര്‍ത്ഥനയാണെന്നും എം എ ബേബി പറഞ്ഞു. 'ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കി ആരെയും ആക്രമിക്കാന്‍ പോകുന്നില്ല. കാലോചിതമായ ഒരു സമര രീതിയാണ് സിപിഐഎം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെ അഭിനന്ദിച്ച് ഒരുപാട് സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു', എം എ ബേബി പറഞ്ഞു.

മൈക്രോസോഫ്റ്റ് പോലെ കമ്പനികള്‍ക്ക് പലസ്തീനില്‍ നടക്കുന്ന ഈ മഹാപാപത്തോട് ലോകത്ത് ധാരാളം മനുഷ്യര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്ന് മനസിലാകും. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സന്ദേശം നല്‍കാന്‍ സഹായിക്കും. ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യാഗ്രഹമാണ് ഈ പരിപാടിയെന്നും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇതിനോട് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും എം എ ബേബി വ്യക്തമാക്കി.

അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തലിന് ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ഏറ്റവും കൂടുതല്‍ കൊലചെയ്യപ്പെടുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സോഷ്യല്‍ മീഡിയയില്‍ ' സൈലന്‍സ് ഫോര്‍ ഗാസ' ക്യംപെയ്ന്‍ നിറയുകയാണ്. ഡിജിറ്റല്‍ മൗനത്തിലൂടെ ഗാസ ജനതയ്ക്കായുള്ള പ്രതിഷേധമാണ് ഇതെന്നാണ് ക്യാംപെയ്‌നായി നിറയുന്ന ആഹ്വാനങ്ങളില്‍ പറയുന്നത്.

ഗാസയിലെ കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ലോകത്തിന്റെ പിന്തുണ അറിയിക്കുന്നതിന് അരമണിക്കൂര്‍ നേരം ഡിജിറ്റല്‍ സ്‌പേയ്‌സില്‍ നിന്ന് മാറി നിന്നുകൊണ്ടാണ് ഈ ക്യാംപെയ്ന്‍ നടക്കുന്നത്. ഇന്നലെ മുതലാണ് ക്യാംപെയിന്‍ ആരംഭിച്ചത്. രാത്രി 9 മണിക്കും 9.30നും ഇടയിലാണ് 30മിനിട്ട് ഫോണ്‍ ഓഫാക്കിക്കൊണ്ടാണ് ലോകം പ്രതിഷേധം അറിയിക്കുക.

അര മണിക്കൂര്‍ ലോകത്തെ കോടിക്കണക്കിന് ആളുകള്‍ ഒരേസമയം പിന്മാറുന്നതിലൂടെ കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുകയും ലോകത്തിന് മുന്നില്‍ ഗാസയ്ക്ക് വേണ്ടിയുള്ള ശബ്ദം മനസിലാക്കിപ്പിക്കാനുമാണ് ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതാത് പ്രാദേശിക സമയങ്ങളിലെ രാത്രി 9 മണി മുതല്‍ 9.30 വരെയാണ് ക്യാംപെയ്ന്‍ നടക്കുക. നിരവധി പ്രമുഖരാണ് ക്യാംപെയ്‌ന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Content Highlights: CPIM supports Digital Campaign for Gaza says M A Baby

dot image
To advertise here,contact us
dot image