
നാഗ്പൂർ: നാഗ്പൂരില്‍ ഭീതി പരത്തി കുപ്രസിദ്ധ അധോലോക സംഘമായ ഇപ്പാ ഗാങ്. സംഘത്തിന്റെ തലവന്റെ ഭാര്യയും സംഘാംഗം അര്‍ഷാദ് ടോപിയും തമ്മിലുള്ള പ്രണയമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കാമഠിയിലെ ഇപ്പാ ഗാങില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ് അര്‍ഷാദ് ടോപി. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ഷാദ് കാമുകിയെ കാണാനും ഒരുമിച്ച് സമയം ചെലവഴിക്കാനും നഗരത്തിലെത്തി. ഇരുവരും ബൈക്കില്‍ യാത്ര ചെയ്യവേ ഒരു ജെസിബി വന്ന് ഇടിച്ച് ഇരുവരും അപകടത്തിൽപ്പെട്ടു. റോഡിലേക്ക് ഇരുവരും തെറിച്ച് വീണതോടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ അര്‍ഷാദിന് നിസ്സാര പരിക്കുകള്‍ മാത്രമേ സംഭവിച്ചുള്ളു. പരിഭ്രമിച്ച ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ ഒരു പൊലീസ് പെട്രോള്‍ വാഹനം പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യം രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അവിടെ പ്രവേശനം നല്‍കിയില്ല. ഇപ്പോഴേക്കും അര്‍ഷാദ് അവിടെ എത്തുകയും ഒരു ആംബുലന്‍സ് ഡ്രൈവറുടെ സഹായത്തോടെ നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യനില മോശമായതോടെ യുവതി വെള്ളിയാഴ്ച രാവിലെ മരിച്ചു.
ഭാര്യയുടെ പ്രണയബന്ധവും മരണവാര്‍ത്തയും അറിഞ്ഞ സംഘത്തലവന്‍ പ്രതികാരമായി അര്‍ഷാദിനെ കൊല്ലാൻ സഹായികളോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യ അപകടത്തില്‍ മരിച്ചതല്ലെന്നും അര്‍ഷാദ് കൊലപ്പെടുത്തിയതാണെന്നും നേതാവ് സംശയിച്ചു. 40 പേര്‍ അടങ്ങുന്ന സംഘം തന്നെ തേടി നഗരത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്ന് മനസ്സിലാക്കിയ അര്‍ഷാദ് ഉടന്‍ തന്നെ നാഗ്പൂര്‍ ഡിസിപി നികേതന്‍ കദമിന് മുന്നില്‍ അഭയം തേടി. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപി അദ്ദേഹത്തെ കൊറാഡി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അവിടെയെത്തിയ അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. സ്ത്രീയുടെ മരണത്തില്‍ അര്‍ഷാദിന് പങ്കില്ലെന്നും അപകടമാണെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ഷാദ് ഇപ്പോള്‍ ഒളിവിലാണ്.
Content Highlight : love affair with the wife of the underworld boss; When his wife died, the chief wanted to kill his assistant as revenge