
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. നോട്ട് നിരോധനം പോലെ ബിഹാറില്‍ വോട്ട് നിരോധനത്തിന് ശ്രമം നടക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പ്രതിപക്ഷ നിര്‍ദേശങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും അവഗണിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി.
കോടിക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പിന്‍വാതിലൂടെ എന്‍ആര്‍സി നടപ്പിലാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഏതോ സാറന്മാരെ തൃപ്തിപ്പെടുത്താനാണ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൂടിയാലോചനകള്‍ നടത്തി മുന്നോട്ടുപോകും. വ്യാജ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കണം എന്നതില്‍ തര്‍ക്കമില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ പാരത്വ രജിസ്റ്ററിന് സമാനമായ പൗരത്വ തെളിവെടുപ്പോടെ വോട്ടര്‍പട്ടിക പുതുക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2003 ലെ വോട്ടര്‍പട്ടികയാണ് ആധികാരികമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അന്ന് 4.96 കോടി വോട്ടര്‍മാരായിരുന്നു ബിഹാറില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.96 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ബാക്കി 2.93 കോടി വോട്ടര്‍മാര്‍ ജനനത്തീതി, ജനനസ്ഥലരേഖകള്‍ അടക്കം ഹാജരാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടികയില്‍ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനുള്ള നടപടികള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 30ന് പുതിയ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
Content Highlights- John brittas mp against election commission over bihar election