
ബെംഗളൂരു: പതിനഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരുവിലെ ആർടി നഗർ പൊലീസാണ് 45കാരിയായ അമ്മയ്‌ക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി അമ്മയുടെ പീഡനത്തെക്കുറിച്ച് കൗൺസിലറോട് പറയുകയായിരുന്നു.
വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാനെന്ന് പറഞ്ഞ് അമ്മ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി കൗൺസിലറോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ ആറ് വർഷമായി കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മ. ഭർത്താവുമായി വേർപിരിഞ്ഞാണ് ഇവർ താമസിക്കുന്നത്.
"കുട്ടിയുടെ കൗൺസിലർ ഇക്കാര്യം ഞങ്ങളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല", കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlights: mother arrested for assaulting daughter in karnataka