
Jul 23, 2025
06:34 AM
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 24കാരിയെ ഭർത്താവും കുടുംബവും ചേർന്ന് കൊന്ന് കുഴിച്ചുമൂടി. സ്ത്രീധനം കുറഞ്ഞുപോയതിന്‌റെ പേരില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ച് മൂടിയതാണെന്നാണ് പൊലീസ് പറയുന്നത്. ഉത്തർപ്രദേശിലെ ഷിക്കോഹാബാദ് സ്വദേശിനിയായ തനുവാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തില്‍ തനുവിന്‌റെ ഭര്‍തൃപിതാവ് ഭൂപ് സിംഗ് കുറ്റം സമ്മതിച്ചിട്ടുണ്ട്. തനുവിന്‌റെ കൊലപാതകസമയത്ത് ഭര്‍തൃകുടുംബം വീട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസിന്‌റെ കണ്ടെത്തല്‍.
തനുവും ഭർത്താവും കുടുംബവും താമസിച്ചിരുന്ന വീടിനോട് ചേർന്നുള്ള പൊതുവഴിയിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് തനു വീട്ടില്‍ നിന്ന് ഒളിച്ചോടി പോയെന്നാണ് ഭര്‍ത്താവ് അരുണും കുടുംബവും ആരോപിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ 21 ന് രാത്രി തനുവിനെ സ്ത്രീധനം കുറഞ്ഞതിന്‌റെ പേരില്‍ ഭര്‍തൃപിതാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം പൊതുവഴിയിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത കുഴിയിൽ മൃതദേഹം ഇട്ടശേഷം സ്ലാബിട്ട് മൂടുകയായിരുന്നു.
വീട്ടിലെ ഓട ശരിയല്ലെന്നും വീടിന് സമീപമുള്ള പൊതുവഴിയിൽ കുഴിയുണ്ടാക്കുകയാണെന്നും അരുണും കുടുംബവും സമീപവാസികളോട് പറഞ്ഞിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
2023 ജൂലൈയിലാണ് ഫരീദാബാദ് സ്വദേശിയായ അരുണ്‍ സിംഗുമായി തനുവിന്‌റെ വിവാഹം നടന്നത്. സ്ത്രീധനം കുറഞ്ഞുപോയതിന്‌റെ പേരില്‍ 24കാരിയെ ക്രൂരമായ പീഡനത്തിനാണ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഇരയാക്കിയിരുന്നത്. അരുണ്‍ തനുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് തനുവിന്‌റെ സഹോദരി ആരോപിക്കുന്നത്. തനുവിനോട് ഫോണില്‍ സംസാരിക്കാന്‍ പോലും വീട്ടൂകാര്‍ക്ക് അനുവാദമില്ലായിരുന്നു. പണവും സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് ഇവര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം യുവതി സ്വന്തം വീട്ടില്‍ വന്നുനിന്നിരുന്നു. ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പിണക്കം മറന്ന് അവള്‍ തിരികെ ഭര്‍തൃവീട്ടിലേയ്ക്ക് പോയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
Content highlights : Woman's Body Found In 10-Feet-Deep Pit In Faridabad; In-Laws Claimed ‘She Had Eloped’