
ന്യൂഡല്‍ഹി: ഗുജറാത്തിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് അമിതാഭ് ബച്ചന്. അപകടത്തില്‍ ജീവന് നഷ്ടമായവരെ ഓര്‍ത്ത് അഗാധമായ ദുഖം തോന്നുന്നുവെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അമിതാഭ് ബച്ചന് പറഞ്ഞു. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ടംബ്ലറില്‍ എഴുതിയ പോസ്റ്റിലാണ് അമിതാഭ് ബച്ചന്റെ പ്രതികരണം. 'എയര്‍ ഇന്ത്യ അപകടത്തില്‍ അഗാധമായ ദുഖമുണ്ട്. അപകടത്തില്‍ മരിച്ചവരെ ഓര്‍ത്ത് വേദനിക്കുന്നു. അപകടത്തിനുപിന്നാലെ രാജ്യം മുഴുവന്‍ ഇരകളായവരുടെ കുടുംബത്തിനൊപ്പം നിന്നു. എന്നാല്‍ അതുമാത്രം പോര, സംഭവത്തില്‍ സുതാര്യമായ അന്വേഷണം ഉണ്ടാകട്ടെ' എന്നും അമിതാഭ് ബച്ചന് പറഞ്ഞു.
അമിതാഭ് ബച്ചനൊപ്പം ഷാറൂഖ് ഖാന്, പ്രിയങ്കാ ചോപ്ര, അക്ഷയ് കുമാര്‍, ആലിയ ഭട്ട്, അനുഷ്ക ശര്‍മ്മ അല്ലു അര്ജുന്, കരണ്‍ ജോഹര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി രാജ്യത്തെ സിനിമാ മേഖലയിലുളള നിരവധി പ്രമുഖര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചിരുന്നു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നാണ് ഷാറൂഖ് ഖാന് പറഞ്ഞത്. അപകട വാര്‍ത്ത ഹൃദയഭേദകമായിരുന്നെന്നും ദുഖിതരായ കുടുംബാങ്ങള്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജൂണ്‍ 12-ന് ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു.
Content Highlights: Amitabh Bachchan calls for transparent investigation in Air India crash