അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചത് ബന്ധുവല്ല, കുടുംബ സുഹൃത്ത്: വിക്രാന്ത് മാസി

സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

dot image

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തതവരുത്തി ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വിമാനത്തിൻ്റെ സഹ-പൈലറ്റായ ക്ലൈവ് കുന്ദർ ബന്ധുവല്ലെന്നും കുടുംബ സുഹൃത്തായിരുന്നു എന്നും നടൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

'പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളോടും മറ്റുള്ളവരോടും, മരിച്ച ക്ലൈവ് കുന്ദർ എൻ്റെ ബന്ധുവല്ല. കുന്ദർമാർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാനായി അഭ്യർത്ഥിക്കുന്നു,' എന്ന് വിക്രാന്ത് മാസി പറഞ്ഞു.

വിക്രാന്ത് മാസിയുടെ പുതിയ പോസ്റ്റ്

കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ വിക്രാന്ത് മാസി പങ്കുവെച്ച പോസ്റ്റാണ് ആശയകുഴപ്പങ്ങള്‍ക്ക് കാരണമായത്. 'അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. എന്റെ അങ്കിൾ ക്ലിഫോര്‍ഡ് കുന്ദറിന് അദ്ദേഹത്തിന്റെ മകന്‍ ക്ലൈവ് കുന്ദറിനെ നഷ്ടമായി എന്നത് ആ വേദനയുടെ ആഴം കൂട്ടുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അപകടത്തില്‍പ്പെട്ട വിമാനത്തിലെ സഹ പൈലറ്റായിരുന്നു ക്ലൈവ്. അങ്കിളും ദുരന്തബാധിതരായ എല്ലാവർക്കും ഈ സാഹചര്യം അതിജീവിക്കാനുളള ശക്തി ദൈവം നല്‍കട്ടെ,' എന്നായിരുന്നു വിക്രാന്ത് മാസി കുറിച്ചത്. ഇതോടെ മരണമടഞ്ഞ പെെലറ്റ് വിക്രാന്ത് മസിയുടെ ബന്ധുവാണെന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

ലണ്ടനിലെ ഗാട്വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 171 വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു ക്ലൈവ് കുന്ദര്‍. 1,100 മണിക്കൂറിലധികം ഫ്‌ളയിംഗ് എക്‌സ്പീരിയന്‍സ് ഉളള പൈലറ്റാണ് ക്ലൈവ്. 8,200 മണിക്കൂറിലധികം ഫ്‌ളയിംഗ് എക്‌സ്പീരിയന്‍സുളള ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ നേതൃത്വത്തിലുളള കോക്പിറ്റ് ക്രൂ അംഗമായിരുന്നു ക്ലൈവ് കുന്ദര്‍.

വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികനൊഴികെ മറ്റെല്ലാവരും അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് നിലവിലെ വിവരം.

Content Highlights: Vikrant Massey clarifies co-pilot in Air India crash was not his cousin but family friend

dot image
To advertise here,contact us
dot image