രാജ്യതലസ്ഥാനത്തെ പാക് ഭീകരാക്രമണ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

പാകിസ്താന്റെ സഹായത്തോടെ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് രഹസ്യാന്വേഷണ വിഭാഗം തകർത്തത്

dot image

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം. പാകിസ്താന്റെ സഹായത്തോടെ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് രഹസ്യാന്വേഷണ വിഭാഗം തകർത്തത്.

ഐഎസ്‌ഐ ബന്ധമുള്ള, വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പൊളിഞ്ഞത്.

മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയായിരുന്നു ഇവരുടെ അറസ്റ്റ് ഉണ്ടായത്. ദില്ലിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ സംഘം ശേഖരിച്ചിരുന്നു. ഇന്ത്യ പുറത്താക്കിയ പാകിസ്താൻ ഹൈക്കമ്മീഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് വിവരം. യൂട്യൂബറായ ജ്യോതി മൽഹോത്ര അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മിൽ എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്‌ഐ നിയോഗിച്ച അൻസാറുൽ മിയ അൻസാരി എന്ന ചാരൻ ചില പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഡൽഹിയിലെത്തും എന്നായിരുന്നു വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കാനും മറ്റ് നീക്കങ്ങൾ നടത്താനും രഹസ്വാന്വേഷണ വിഭാഗം ഫെബ്രുവരി വരെ കാത്തിരുന്നു. ഫെബ്രുവരി 15ന് ഇയാൾ ഡൽഹിയിലെത്തുകയും വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു. ഒരാൾ കൂടി നിലവിൽ പിടിയിലായതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.

പാക് ചാരന്മാർക്കെതിരെ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഓപ്പറേഷനായിരുന്നു ഇതെന്ന് രഹസ്യാന്വേഷണ വിഭാഗം അധികൃതർ പിന്നീട് പ്രതികരിച്ചിരുന്നു. പാകിസ്താൻ പിന്തുണയുള്ള ഭീകരസംഘടനകളുടെയും അവർക്ക് സഹായം നൽകുന്നവരെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാൻ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പഞ്ചാബിൽ ബാബർ ഖൽസ ഇന്റർനേഷൻ എന്ന സംഘടനയുടെ ആക്രമണം ഉണ്ടായതിന് ശേഷം വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നായിരുന്നു അൻസാരിയുടെ അറസ്റ്റ് ഉണ്ടായത്.

അൻസാരിക്ക് വിവരങ്ങൾ കൈമാറിയിരുന്നത് അഖ്ലഖ്‌ അസം എന്നയാളായിരുന്നു. ഇന്ത്യൻ സേനയെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഇയാൾ കൈമാറിയത്. അൻസാരിയും അസമും നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പാകിസ്താനി ഹാൻഡ്‌ലർമാരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

Content Highlights: 2 arrested for planning terror attack at delhi

dot image
To advertise here,contact us
dot image