
കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണെന്ന് പറയുന്നു. രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയാമായിരുന്നുവെന്നും പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലത്ത് ആരോട് പറയാനാണെന്നും അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
'അവധിക്കാലം തീരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പോകാന്‍ ഒരിടമുള്ളതില്‍ ആശ്വസിക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ടാവും അല്ലേ? ആ വാര്‍ത്ത ആവര്‍ത്തിച്ചു പറയുന്നില്ല, ധൈര്യക്കുറവ് കൊണ്ടാണ്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തൊരു ഉള്‍പ്പിടച്ചിലാണ്. ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ ആരും അറിയാതെ അവള്‍ എന്തിലൂടെ ഒക്കെ ജീവിച്ചു തീര്‍ത്തേനെ', അശ്വതി പറഞ്ഞു.
ഈയിടെ തനിക്ക് കുഞ്ഞു നാളില്‍ ഉണ്ടായ ലൈംഗിക അതിക്രമത്തെ കുറിച്ച് ഒരു നടി തുറന്നു പറഞ്ഞ വാര്‍ത്തയ്ക്ക് താഴെ കണ്ട കമന്റ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്നും അശ്വതി പറഞ്ഞു. ലഡു നിര്‍ബന്ധിച്ച് കഴിപ്പിച്ചാലും മധുരം തന്നെ ആണല്ലോ എന്നായിരുന്നു ആ കമന്റെന്നും എന്തൊരു മനോനിലയാണതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
'പെര്‍വേര്‍ട്‌സിന് പഞ്ഞമില്ലാത്ത നാടാണ്. പ്രതിരോധം കുറയുന്നത് കൊണ്ടും നിയന്ത്രിക്കാന്‍ എളുപ്പമായത് കൊണ്ടും കുഞ്ഞുങ്ങളാണ് മിക്കപ്പോഴും ഇരയാവുന്നത്. രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയാമായിരുന്നു. പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലത്ത് ആരോട് പറയാന്‍? കൈയിലുള്ളതിനെ ചേര്‍ത്ത് പിടിക്കുന്നു, ഈ ലോകം അത്ര നന്നല്ല കുഞ്ഞേ എന്ന് ഹൃദയ ഭാരത്തോടെ പറഞ്ഞു വയ്ക്കുന്നു', അശ്വതി പറഞ്ഞു.
അതേസമയം നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം.
ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
Content Highlights: Aswathi Sreekanth about child abuse case