
ബെംഗളൂരു: കര്‍ണാടകയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ കന്നഡ സംസാരിക്കാന്‍ വിസമ്മതിച്ച ബാങ്ക് മാനേജറെ സ്ഥലംമാറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബാങ്ക് മാനേജറുടെ പെരുമാറ്റം അപലപനീയമാണെന്നും പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നത് അവിടുത്തെ ജനങ്ങളെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് എസ് ബി ഐ ബാങ്ക് മാനേജര്‍ക്കെതിരെ നടപടിയെടുത്ത വിവരം സിദ്ധരാമയ്യ അറിയിച്ചത്.
'ആനേക്കല്‍ താലൂക്കിലെ സൂര്യ നഗരയിലുളള എസ്ബിഐ ബ്രാഞ്ച് ബാങ്ക് മാനേജറുടെ പെരുമാറ്റം അപലപനീയമാണ്. അവര്‍ കന്നഡയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ തയ്യാറാകാതിരുന്നതും പൗരന്മാരെ അവഗണിച്ചതും ശക്തമായി അപലപിക്കേണ്ടതാണ്. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിക്കൊണ്ടുളള എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എല്ലാ ബാങ്ക് ജീവനക്കാരും ഉപയോക്താക്കളോട് മാന്യമായി പെരുമാറുകയും പ്രാദേശിക ഭാഷകളില്‍ സംസാരിക്കാന്‍ ശ്രമിക്കുകയും വേണം. ഇന്ത്യയിലുടനീളമുളള എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും ഇതുസംബന്ധിച്ച പരിശീലനം നല്‍കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രാദേശിക ഭാഷയെ ബഹുമാനിക്കുക എന്നാല്‍ ജനങ്ങളെ ബഹുമാനിക്കുക എന്നാണ്'- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കർണാടകയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വാക്‌പോര് നടന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്തതാണ് വാക്പോരിന് ഇടയാക്കിയത്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് ഇത് കർണാടകയാണെന്നും കന്നഡ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് ഇന്ത്യയാണെന്ന് പറഞ്ഞുകൊണ്ട് കസ്റ്റമറുടെ ആവശ്യം മാനേജർ നിരസിക്കുകയായിരുന്നു. എന്നാൽ കസ്റ്റമർ ഇതേകാര്യം ആവർത്തിച്ചു. നിങ്ങൾ ഒരിക്കലും കന്നട സംസാരിക്കില്ലേയെന്ന് കസ്റ്റമർ ചോദിച്ചപ്പോൾ 'ഇല്ല, ഞാൻ ഹിന്ദി സംസാരിക്കും', എന്നായിരുന്നു മാനേജറുടെ മറുപടി.
ഉപഭോക്താവ് അപ്പോഴും വിട്ടുകൊടുത്തില്ല. അതാത് സംസ്ഥാനത്തിന്റെ ഭാഷകൾ സംസാരിക്കണമെന്ന് ആർബിഐ നിർദ്ദേശമുണ്ടെന്നും നിങ്ങൾ അതെന്താണ് പാലിക്കാത്തതെന്നും ചോദിച്ചു. അതിന് മാനേജർ താൻ കന്നഡ സംസാരിക്കില്ല എന്ന് തറപ്പിച്ചുപറയുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എസ്ബിഐ നടപടി എടുത്തത്.
Content Highlights: SBI officer refused to speak in kannada transferred says siddaramaiah