എല്‍പിജി ക്ഷാമം; ബെംഗളൂരുവില്‍ മദ്യ ഉല്‍പാദനം പ്രതിസന്ധിയില്‍, സിലിണ്ടര്‍ മോഷണവും തുടങ്ങി

ചില ഹോട്ടലുകള്‍ ഓണ്‍ലൈന്‍ സര്‍വ്വീസ് നിര്‍ത്തലാക്കി

എല്‍പിജി ക്ഷാമം; ബെംഗളൂരുവില്‍ മദ്യ ഉല്‍പാദനം പ്രതിസന്ധിയില്‍, സിലിണ്ടര്‍ മോഷണവും തുടങ്ങി
dot image

ബെംഗളൂരു: രാജ്യത്ത് എല്‍പിജി ക്ഷാമം തുടരുന്നതോടെ മദ്യ ഉല്‍പാദനവും പ്രതിസന്ധിയില്‍. വിദേശമദ്യം, ബിയര്‍ എന്നിവ ഉല്‍പാദിപ്പിക്കുന്ന ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചു. ബോയ്‌ലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സിലിണ്ടര്‍ ലഭിക്കാത്തതിനാല്‍ മൈസൂരുവിലെ ക്രാഫ്റ്റ് ഡിസ്റ്റിലറിയില്‍ റം ഉല്‍പാദനം നിര്‍ത്തി. പബ്ബുകളിലെ മൈക്രോബ്യൂവെറികളുടെ പ്രവര്‍ത്തനവും ഭാഗികമായാണ് നടക്കുന്നത്.

എല്‍പിജി പ്രതിസന്ധി തുടരുന്നതിനാല്‍ സിലിണ്ടര്‍ മോഷണവും വര്‍ധിച്ചിട്ടുണ്ട്. കല്യാണ്‍നഗറില്‍ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മോഷണ സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിലും മറ്റും ചങ്ങല ഉപയോഗിച്ച് ലോക്ക് ചെയ്താണ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത്. ചില ഹോട്ടലുകള്‍ ഓണ്‍ലൈന്‍ സര്‍വ്വീസ് നിര്‍ത്തലാക്കി. ആഘോഷങ്ങളിലെ സദ്യയില്‍ നിന്ന് വിഭവങ്ങള്‍ വെട്ടിച്ചുരുക്കി.

അതേസമയം, എല്‍പിജി പ്രതിസന്ധിയില്‍ അനാവശ്യ പരിഭ്രാന്തി വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ബുക്കിങ് ഇടവേളകള്‍ കൃത്യമായി പാലിക്കണമെന്നും നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമാണ് ബുക്കിങ് ഇടവേളകളെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം 31 ശതമാനമായി ഉയര്‍ന്നു. പരിഭ്രാന്തരായി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് എല്‍പിജി നല്‍കുന്നതിന്റെ മുന്‍ഗണന സംസ്ഥാനങ്ങള്‍ തീരുമാനിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എല്‍പിജി പൂഴ്ത്തിവെച്ചതിനും മറിച്ചുവിറ്റതിനും വിവിധയിടങ്ങളില്‍ കേസെടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. എല്‍പിജി ഇറക്കുമതി പ്രതിസന്ധിയായി തുടരുന്നുവെന്നും കേന്ദ്രം അറിയിച്ചു.

Content Highlights: LPG cylinders stolen from residential areas in Bengaluru

dot image
To advertise here,contact us
dot image