
ന്യൂഡൽഹി: നടൻ മോഹൻലാലിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ഷാർജയിൽ നടന്ന 'ഗള്‍ഫ് മാധ്യമം' പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് വിമർശനം. ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കെ മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത് ശരിയല്ലെന്നാണ് ഓർഗനൈസർ ലേഖനത്തിൽ പറയുന്നത്. 'ഗള്‍ഫ് മാധ്യമം' സംഘടിപ്പിച്ച 'കമോണ്‍ കേരള' ഏഴാം എഡിഷനില്‍ മോഹന്‍ലാലിനെ ആദരിച്ചിരുന്നു. ജീവിതത്തിലെ അവിസ്മരണീയമായ ആദരമാണ് 'കമോണ്‍ കേരള'യില്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തിന്റെ ഹൃദയവും ബഹുസ്വരത ഇന്ത്യയുടെ ആത്മാവുമാണ്. ഇന്ത്യയെ എന്നും നെഞ്ചേറ്റിയവരാണ് അറേബ്യന്‍ നാടുകള്‍. തീര്‍ച്ചയായും അഭിനയ ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യമായി ഈ അവസരത്തെ കരുതുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് ഓര്‍ഗനൈസര്‍ രംഗത്തെത്തിയത്.
''മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്''- ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നു.
യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന സംശയം ഉയര്‍ത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ പാകിസ്ഥാനില്‍ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങള്‍ ഉയരുന്നതായി ലേഖനത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ലെഫ്റ്റനന്റ് കേണൽ പദവിയിലിരിക്കുന്ന മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത് ശരിയല്ലെന്നും പദവി പിൻവലിക്കണമെന്നും
ലേഖനത്തിൽ പറയുന്നു. മോഹൻലാലിനെതിരെയുള്ള ലേഖനം നിലവിൽ ഓർഗനൈസർ പിൻവലിച്ചിട്ടുണ്ട്.
മുൻപും മോഹൻലാൽ സിനിമ എമ്പുരാനെതിരെയും ഓർഗനൈസർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്നായിരുന്നു ഓർഗനൈസർ ആരോപിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും ചേര്‍ന്ന് ക്രിസ്ത്യന്‍ വിശ്വാസത്തെയും മൂല്യങ്ങളെയും തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്ന് ഓര്‍ഗനൈസര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിരുന്നത്.
Content Highlights- Mohanlal should be stripped of his Colonel rank while the country fights terrorism,' says organizer at Jamaat-e-Islami venue