മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമുണ്ട്, അത് മോഹൻലാലിന്റേതാണ്: പിണറായി വിജയൻ

രജനികാന്ത് സിനിമകളോടുള്ള ഇഷ്ടത്തെ കുറിച്ചും അഭിമുഖത്തില്‍ പിണറായി വിജയന്‍

മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമുണ്ട്, അത് മോഹൻലാലിന്റേതാണ്: പിണറായി വിജയൻ
dot image

സിനിമയിലെ തന്റെ ഇഷ്ടതാരങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് ഉള്ള് തുറന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മോഹൻലാലുമായുള്ള 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖത്തിലാണ് സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് പിണറായി വിജയൻ സംസാരിച്ചത്. മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അമൃതം ഗമയ എന്ന സിനിമയിലെ മോഹൻലാലിന്റെ ഡോ. പി കെ ഹരിദാസ് ആണെന്ന് പിണറായി വിജയൻ പറഞ്ഞു.

'മലയാള സിനിമയിൽ നമ്മൾ ഓർത്തുവെക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട, സാമൂഹ്യ പ്രതിഹബദ്ധതയുള്ള ഒരു കഥാപാത്രമുണ്ട്. അത് അങ്ങയുടേത് തന്നെയാണ്. എം ടി എഴുതിയ അമൃതം ഗമയ എന്ന ചിത്രത്തിലെ അങ്ങ് ചെയ്ത വേഷമാണത്. റാഗിങ് ചെയ്യുന്ന മെഡിക്കൽ വിദ്യാർത്ഥിയായിട്ടാണ് ആ കഥാപാത്രം ആദ്യം വരുന്നത്. പിന്നീട് അദ്ദേഹം ഒരു മാതൃക ഡോക്ടറായി മാറാൻ ശ്രമിക്കുകയാണ്. അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടും അയാൾ തന്റെ ആശയത്തിൽ ഉറച്ചുനിൽക്കുകയാണ്,' പിണറായി വിജയൻ പറഞ്ഞു.

ഒരു കാലത്ത് രജനികാന്ത് സിനിമകൾ തനിക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷൻ സിനിമകളോടുള്ള താൽപര്യമായിരിക്കാം രജനികാന്തിനെ ഇഷ്ടപ്പെടാൻ കാരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

'പണ്ട് കെടിവി എന്ന ചാനലിൽ ധാരാളം രജനി പടങ്ങൾ വരാറുണ്ട്. ആക്ഷൻ സിനിമകളായിരുന്നു അധികവും. എനിക്ക് പൊതുവെ ആക്ഷൻ സിനിമകൾ ഇഷ്ടമാണ്. മലയാളത്തിൽ നിങ്ങളടക്കമുള്ള എല്ലാവരോടുമുള്ള സൗഹൃദം കാത്തുസൂക്ഷിക്കെ തന്നെ രജനികാന്ത് സിനിമകളോടും അദ്ദേഹത്തിന്റെ രീതികളോടും പ്രത്യേക ഇഷ്ടം തോന്നിയിരുന്നു,' പിണറായി വിജയൻ പറഞ്ഞു.

അഭിമുഖത്തിൽ കുട്ടിക്കാലത്തെ അനുഭവങ്ങളും അമ്മയുമായുള്ള അടുപ്പവും രാഷ്ട്രീയരംഗത്തെ അനുഭവങ്ങളും രാഷ്ട്രീയത്തിന് പുറത്തുള്ള പിണറായി വിജയന്റെ ഇഷ്ടങ്ങളും സൗഹൃദങ്ങളുമെല്ലാം കടന്നുവരുന്നുണ്ട്. ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ അഭിമുഖത്തിലെ ഭാഗങ്ങൾ വൈറലാകുന്നുണ്ട്.

Content Highlights : Pinarayi Vijayan chooses this Mohanlal character as his most favourite in Malayalam cinema

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us