
ചെന്നൈ: പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കൊയമ്പത്തൂർ കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. 2016-നും 2019-നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്.
എൻ ശബരിരാജൻ (32), കെ തിരുനാവുക്കരശ് (34), എം സതീഷ് (33), ടി വസന്തകുമാർ (30), ആർ മണി (32), പി ബാബു (33), ടി ഹരോണിമസ് പോൾ (32), കെ അരുൾനാഥം (39), എം അരുൺകുമാർ എന്നിവരാണ് പ്രതികൾ. പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 2019 ൽ അറസ്റ്റിലായതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ സേലം സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവരെ സെഷൻസ് കോടതിയിലേക്ക് കൊണ്ടുവന്നത്. കോടതി സമുച്ചയത്തിലും മറ്റ് പ്രധാന സ്ഥലങ്ങളിലും കനത്ത കാവൽ ഏർപ്പെടുത്തിയിരുന്നു.
ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, ബ്ലാക്ക് മെയിൽ എന്നിവയുൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കർശനമായ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. പൊള്ളാച്ചി പൊലീസ് ആദ്യം അന്വേഷിച്ച കേസ് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന ആവശ്യത്തെ തുടർന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കും (സിബി-സിഐഡി) പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്കും (സിബിഐ) മാറ്റുകയായിരുന്നു. കേസ് മൂടിവയ്ക്കാൻ ശ്രമിച്ചതിനും എഫ്‌ഐആർ ഫയൽ ചെയ്യാൻ വൈകിയതിനും അന്നത്തെ ഭരണകക്ഷിയായ എഐഎഡിഎംകെ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ എഐഎഡിഎംകെ ആരോപണങ്ങൾ തള്ളുകയായിരുന്നു.
Content Highlights: All 9 Accused Convicted In Tamil Nadu's 2019 Pollachi Assault Case