
റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതില്‍ സന്തോഷം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിഷയത്തിലെ രാഷ്ട്രീയം നിലവില്‍ പറയാനില്ലെന്നും ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
'സഭ ഞങ്ങളോട് സഹായിക്കണമെന്ന് പറഞ്ഞു, ഞങ്ങള്‍ സഹായിച്ചു. ഞങ്ങളെ ഏല്‍പിച്ച കാര്യമെല്ലാം ഞങ്ങള്‍ ചെയ്തു. അധ്വാനം ഫലം കണ്ടു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാക്ക് നൽകിയിരുന്നു. പറഞ്ഞതുപോലെ സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തിനെ എതിര്‍ത്തില്ല. പാർട്ടിയുടെ നിർദേശ പ്രകാരം അനൂപ് ആന്റണി ഇവിടെ വന്നിരുന്നു. കൃത്യമായി എല്ലാം ചെയ്തു. രാഷ്ട്രീയ നാടകങ്ങള്‍ നടന്നില്ലായിരുന്നെങ്കില്‍ മൂന്ന് ദിവസം മുന്‍പ് തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമായിരുന്നു', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിർദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ അൽപസമയം മുൻപ് കന്യാസ്ത്രീകൾ പുറത്തിറങ്ങി.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യകടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.
Content Highlights- 'The church told us to help, we helped, and our hard work paid off'; Rajiv Chandrasekhar