
ഒമാനില്‍ സലാല ഖരീഫ് കാലം (ശരത്കാലം) ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ഒമാന്‍ റോയല്‍ പോലീസ്. പട്രോളിംഗിനും ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ക്കും പുറമെയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മറഞ്ഞുപോകുന്നത് ഒഴിവാക്കണമെന്നും അല്ലാത്തവര്‍ക്ക് പിഴ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകള്‍ക്കും അരുവുകള്‍ക്കും സമീപത്ത് കുട്ടികളെ തനിച്ച് വിടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്. വാഹനം ഓടിക്കുമ്പോള്‍ കുട്ടികള്‍ വിന്‍ഡോയിലൂടെയോ സണ്‍ റൂഫുകളിലൂടെയോ പുറത്തേക്ക് തലയിടുന്നത് കുറ്റകരമാണെന്നും ഒമാന്‍ റോയല്‍ പോലീസ് വ്യക്തമാക്കി.
അതിനിടെ ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ ദോഫാറിലെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. എല്ലാ വർഷവും ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ് ഒമാനിൽ ഖരീഫ് കാലം. ഈ സമയത്ത് ദോഫാർ ഗവർണറേറ്റിലെ പർവത നിരകളിലും താഴ്വരകളിലും ഇടമുറിയാതെ ചാറ്റൽ മഴ പെയ്യും. മലയടിവാരമെല്ലാം പച്ചപ്പപുതച്ച് നിൽക്കും. താപനില 22 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തുകയും ചെയ്യും.
കേരളത്തിലെ മൺസൂൺ കാലാവസ്ഥയ്ക്ക് സമാനമായ മഴയും തണുപ്പും അനുഭവപ്പെടും എന്നതാണ് ഖരീഫ് കാലാവസ്ഥയുടെ പ്രത്യേകത. ഓരോ വർഷവും ആയിരക്കണക്കിനാളുകളാണ് സലാലയിലെ പ്രകൃതിഭംഗി ആസ്വദിക്കാനായി എത്താറുള്ളത്.
Content Highlights: Royal Oman Police issues safety advice to tourists visiting Salalah to enjoy Kharif season