
മുംബൈ: പാകിസ്താൻ ഭീകരാക്രമണ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സെെന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂർ നിഷ്ഫലമായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ. പാകിസ്താന്‍ ഇതിനകം തന്നെ നശിച്ച രാഷ്ട്രമാണെന്ന് പറഞ്ഞ രാജ് താക്കറെ അവിടെ ഇനി എന്താണ് നശിപ്പിക്കാനുളളതെന്നും ചോദിച്ചു. ഭീകരാക്രമണങ്ങള്‍ക്ക് യുദ്ധമല്ല പരിഹാരമെന്നും തീവ്രവാദികളെ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും രാജ് താക്കറെ പറഞ്ഞു.
'ഭീകരവാദത്തിനുളള ഉത്തരം യുദ്ധമല്ല. അമേരിക്കയില്‍ ഇരട്ട ഗോപുരങ്ങള്‍ ആക്രമിക്കപ്പെട്ടു, പെന്‍ഡഗണ്‍ ആക്രമിക്കപ്പെട്ടു, അവര്‍ പക്ഷെ യുദ്ധത്തിന് പോയില്ല. പകരം തീവ്രവാദികളെ കൊന്നു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെ കണ്ടെത്താന്‍ ഇനിയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. രാജ്യത്തിനുളളില്‍ ഒരു കോമ്പിങ്ങ് ഓപ്പറേഷന്‍ നടത്തി അവരെ കണ്ടെത്തുന്നതിനായിരിക്കണം പ്രാധാന്യം. എന്നാല്‍ രാജ്യത്തിന്റെ ശ്രദ്ധതിരിക്കാനാണ് ഈ വ്യോമാക്രമണവും യുദ്ധവും'- രാജ് താക്കറെ അഭിപ്രായപ്പെട്ടു.
വിനോദസഞ്ചാരികള്‍ ധാരാളമായി വരുന്ന ഒരു സ്ഥലത്ത് എന്തുകൊണ്ട് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും രാജ് താക്കറെ ചോദിച്ചു. 'സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടണം. പഹല്‍ഗാമില്‍ ആക്രമണം നടന്നതിന് അടുത്ത ദിവസം തന്നെ പ്രധാനമന്ത്രി ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി. പിന്നീട് കേരളത്തിലെ അദാനി നിര്‍മ്മിച്ച തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് പോയി. സ്ഥിതി ഗുരുതരമാണെങ്കില്‍ പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുമായിരുന്നോ? മോക് ട്രില്‍ നടത്തുന്നതിനു പകരം തീവ്രവാദികളെ പിടിക്കാന്‍ രാജ്യത്ത് കോമ്പിങ്ങ് നടത്തുകയാണ് വേണ്ടത്. രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ചിലര്‍ക്ക് താല്‍പ്പര്യമെന്ന് തോന്നുന്നു'- രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
Content Highlights: War is not the answer to terror attacks operation sindoor was futile says raj thackeray