
ഐപിഎല്ലിൽ ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനോട് പരാജയപ്പെട്ടതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. സീസണിൽ 12 മത്സരങ്ങൾ പിന്നിടുന്ന നിലവിലെ ചാംപ്യന്മാർക്ക് 11 പോയിന്റ് നേടാനെ സാധിച്ചിട്ടുള്ളൂ. പ്ലേ ഓഫിലെത്താൻ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കൊൽക്കത്ത വിജയിക്കേണ്ടതുണ്ട്. മറ്റ് ടീമുകളുടെയും പോയിന്റ് ടേബിളിലെ സ്ഥാനം അനുസരിച്ച് പ്ലേ ഓഫ് സാധ്യതകൾ പരിശോധിക്കാം.
ഐപിഎല്ലിൽ 11 മത്സരങ്ങളിൽ എട്ടിൽ വിജയിച്ച് 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരൊറ്റ ജയമുണ്ടെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാം. സമാനമാണ് പഞ്ചാബ് കിങ്സിന്റെയും സ്ഥിതി. 11 മത്സരങ്ങളിൽ ഏഴ് വിജയമുള്ള പഞ്ചാബിന് ഇപ്പോൾ 15 പോയിന്റായിട്ടുണ്ട്. ഒരു മത്സരം മഴ മുടക്കിയതാണ് ഏഴ് ജയമുണ്ടായിട്ടും പഞ്ചാബ് 15 പോയന്റിലേക്ക് എത്താന് കാരണം.
12 മത്സരങ്ങളിൽ ഏഴിൽ വിജയിച്ച് 14 പോയിന്റ് നേടിയ മുംബൈ ഇന്ത്യൻസാണ് ടോപ് ഫോറിലുള്ള മറ്റൊരു ടീം. അവശേഷിച്ച രണ്ട് മത്സരങ്ങളും വിജയിച്ചാൽ മുംബൈയ്ക്ക് മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ പ്ലേ ഓഫിൽ കടക്കാം. 11 മത്സരങ്ങളിൽ ഡൽഹിക്ക് ആറ് ജയമടക്കം 13 പോയിന്റാണുള്ളത്.
പോയിന്റ് ടേബിളിൽ ഏഴാമതുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിന് ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് ലഖ്നൗ നേടിയത്. അവശേഷിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാൽ ലഖ്നൗവിന് പ്ലേ ഓഫ് സാധ്യതയുണ്ട്. അവസാന മൂന്ന് സ്ഥാനങ്ങളിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവർ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.
Content Highlights: KKR wants to win remaining two for alive playoffs hope