
ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യത്തെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷിയോഗം നടന്നത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്‌നാഥ് സിംഗ് പാര്‍ട്ടികളോട് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, നിര്‍മ്മലാ സീതാരാമന്‍, എസ് ജയ്ശങ്കര്‍, ജെപി നഡ്ഡ, കിരണ്‍ റിജിജു തുടങ്ങിയവര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരാണ് പങ്കെടുത്തത്.
100 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചു. ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യാജ വാര്‍ത്തകളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ചിലടക്കം പാക് ഷെല്‍ ആക്രമണത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
Content Highlights: all party meeting on india pak conflict ended opposition extends full support