ഒസാമ ബിന്‍ ലാദനും അജ്മല്‍ കസബുമായും ബന്ധം; മുരിദ്കെ ഹാഫിസ് സയീദിൻ്റെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഭീകര കേന്ദ്രം

അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി ഭീകരാക്രമണം നടത്തുന്നതിനായി കുട്ടികളെയും യുവാക്കളെയും റിക്രൂട്ട് ചെയ്ത് ആയുധപരിശീലനം നടത്തുന്ന ലഷ്‌കര്‍-ഇ-തെയ്ബയുടെ നഴ്‌സറിയാണ് യഥാര്‍ത്ഥത്തില്‍ മുരിദ്‌കെയിലെ അവരുടെ ആസ്ഥാന കേന്ദ്രം

dot image

പ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനുള്ളില്‍ ലക്ഷ്യം വെച്ച ഭീകരകേന്ദ്രങ്ങളില്‍ പ്രധാനം ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമായ മുരിദ്‌കെയുമാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഭീകരനേതാക്കളായ മസൂദ് അസ്ഹറിന്റെയും ഹാഫിസ് മുഹമ്മദ് സയീദിൻ്റെയും നേരിട്ടുള്ള നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും യഥാക്രമം പ്രവര്‍ത്തിക്കുന്നതാണ് ഈ രണ്ട് കേന്ദ്രങ്ങളും. ഇതില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമായ മുരിദ്‌കെയിലെ മര്‍ക്കസ് തൊയ്ബയ്ക്ക് ഒസാമ ബിന്‍ലാദന്‍ മുതല്‍ മുബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, മുംബൈ ആക്രമണത്തില്‍ പങ്കാളിയായ ഭീകരന്‍ അജ്മല്‍ കസബ് വരെയുള്ളവരുമായും ബന്ധമുണ്ട്.

അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി ഭീകരാക്രമണം നടത്തുന്നതിനായി കുട്ടികളെയും യുവാക്കളെയും റിക്രൂട്ട് ചെയ്ത് ആയുധപരിശീലനം നടത്തുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ നഴ്‌സറിയാണ് യഥാര്‍ത്ഥത്തില്‍ മുരിദ്‌കെയിലെ അവരുടെ ആസ്ഥാന കേന്ദ്രം. മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരൻ അജ്മൽ കസബും ഭീകരാക്രമണത്തിൻ്റെ ആസൂത്രകനായിരുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും പരിശീലനം നേടിയത് ഇവിടെയാണ്. പ്രത്യക്ഷത്തില്‍ മര്‍കസ് ആയി അറിയപ്പെടുന്ന മുരിദ്‌കെ ഒരു മതപ്രബോധന കേന്ദ്രവും ഒരു ചാരിറ്റബിള്‍ സ്ഥാപനവുമാണ്. ലെഷ്‌കര്‍-ഇ-തൊയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദാണ് മുരിദ്‌കെയുടെ പിന്നാലെ പ്രധാനപ്പെട്ട പ്രേരക ശക്തി.

ഭീകരരവാദ പ്രവര്‍ത്തനത്തിനായി കേഡര്‍മാരെ തിരഞ്ഞെടുക്കുന്നതിനും അവരെ പരിശീലിപ്പിക്കുന്നതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള കേന്ദ്രമായി മുരിദ്കെയിലെ മര്‍ക്കസ് തൊയ്ബയെ വളര്‍ത്തിയെടുത്തതും ഹാഫിസ് സയീദാണ്. ലെഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തന തന്ത്രങ്ങളുമെല്ലാം ഏറ്റവും കൃത്യതയോടെ പരീശിലിക്കപ്പെടുന്ന കേന്ദ്രം കൂടിയാണ് മുരിദ്‌കെയിലെ ആസ്ഥാനം. ഈ നിലയില്‍ ഇന്ത്യയില്‍ നടന്ന മുംബൈ ഭീകരാക്രമണം അടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പരിശീലന-ആസൂത്രണ കേന്ദ്രമായ മുരിദ്‌കെ ലഷ്‌കര്‍-ഇ-തൊയ്ബയുടെ വളര്‍ച്ചയിലും വികാസത്തിലും പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരു കേന്ദ്രം കൂടിയാണ്. ആ അര്‍ത്ഥത്തില്‍ ലെഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങളുടെ നാഡീ കേന്ദ്രമാണ് മുരിദ്‌കെയെന്ന് നിസംശയം പറയാം.

മര്‍കസ്-ഇ-തൊയ്ബ എന്നറിയപ്പെടുന്ന മുരിദ്‌കെ മര്‍കസ് 1988ലാണ് ഹാഫിസ് സയീദും കൂട്ടാളികളും ചേര്‍ന്ന് സ്ഥാപിച്ചത്. നൂറോളം ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്നതാണ് ലെഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മുരിദ്‌കെ സ്ഥിതി ചെയ്യുന്നത്. ലാഹോറില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ വടക്കായാണ് ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുന്നണി സംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) യുടെ ആസ്ഥാനവും ഇവിടെയാണ്.

In the 1990s Lashkar-e-Taiba began focusing its operations on the Kashmir region, especially the portion administered by India known as Jammu and Kashmir. After the organization’s participation in a 2001 attack on the Lok Sabha, the lower house of India’s legislature, Pakistan banned the organization and arrested and briefly detained Hafiz Muhammad Saeed

ഇന്ത്യയില്‍ നടത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഘടനാപരവും സുസ്ഥിരവുമായ മികവോടെ നിര്‍മിക്കപ്പെട്ടിരിക്കുന്ന കേന്ദ്രമാണ് മുരിദ്‌കെയിലെ മര്‍ക്കസ് തൊയ്ബ. ലെഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധോദ്ദേശ്യ കേന്ദ്രം എന്ന തന്ത്രപ്രധാന സ്ഥാനവും ഈ കേന്ദ്രത്തിനുണ്ട്. തീവ്രവാദികള്‍ക്കുള്ള പരിശീലന കേന്ദ്രം, സംഘടനയുടെ പ്രത്യയശാസ്ത്ര പ്രബോധന കേന്ദ്രം, കാശ്മീര്‍ കേന്ദ്രീകരിച്ച് ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ലോജിസ്റ്റിക്കല്‍ ബേസ് എന്നിങ്ങനെ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ഈ സമുച്ചയം. മദ്രസകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, വസതികള്‍, മത്സ്യ ഫാമുകള്‍, കാര്‍ഷിക മേഖലകള്‍ എന്നിങ്ങനെ സമുച്ചയത്തിന്റെ സ്വയംപര്യാപ്തത കൂടി ഇവിടെ ഉറപ്പാക്കുന്നുണ്ട്. കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ട ആധുനികമായി സജ്ജീകരിച്ച ഒരു മത സര്‍വകലാശാലയും ഇവിടെയുണ്ട്. കുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൃത്യതയോടെയുള്ള ആയുധ പരിശീലനം നല്‍കുന്ന ഇവിടുത്തെ പരിശീലന കേന്ദ്രം കനത്ത സുരക്ഷാ മറവിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിന്റെ വിഹിതം ഉള്‍പ്പെടെ ഗണ്യമായ സാമ്പത്തിക സഹായം മുരിദ്‌കെ മര്‍കസിന്റെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ ജമാഅത്ത്-ഉദ്-ദവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ 620,000 ഡോളര്‍ അനുവദിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ലാഹോറിനും ഗുജ്രന്‍വാലയ്ക്കും ഇടയിലായി ഈ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ സ്വഭാവത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കനത്ത സുരക്ഷയുള്ള ഈ പ്രദേശത്തിന്റെ പരിസരത്ത് സംഗീതം, ടെലിവിഷന്‍, പുകവലി തുടങ്ങിയവ നിരോധിച്ചിരുന്നു. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളില്‍ പോലും സംഗീതം നിരോധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയെയും പിന്നീട് ലോകത്തെയും ഇസ്ലാമികവല്‍ക്കരിക്കുക എന്ന വലിയ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഇവിടെ ഭീകര പരിശീലനത്തിനെത്തുന്ന കേഡര്‍മാരെ ഇവര്‍ കശ്മീരിലെ പോരാട്ടങ്ങളുടെ അടിസ്ഥാനമായി പഠിപ്പിക്കുന്നത്. സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഒരാള്‍ സംഘടനയില്‍ ചേരുമ്പോള്‍ തന്റെ ദക്ഷിണേഷ്യന്‍ പേര് ഉപേക്ഷിച്ച് അറബ് പേര് സ്വീകരിക്കുന്നതാണ് രീതി. 2002ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം മുരിദ്‌കെ മര്‍ക്കസിന്റെ വെബ്സൈറ്റ് അക്കാലത്തെ 'ഭീകര നേട്ടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. കശ്മീരിലെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ ജിഹാദിനിടെ 14,369 ഇന്ത്യന്‍ സൈനികരും 1,016 ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികളും കൊല്ലപ്പെട്ടതായി അത് അവകാശപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. 1999-ല്‍ കശ്മീരില്‍ 11 ചാവേര്‍ ദൗത്യങ്ങളില്‍ 258 ഇന്ത്യന്‍ സൈനികരെയും ഓഫീസര്‍മാരെയും കൊലപ്പെടുത്തിയെന്നായിരുന്നു അവകാശവാദം. 2000-ല്‍ 98 ചാവേര്‍ ദൗത്യങ്ങള്‍ വിജയകരമായി നടത്തിയെന്നും അതില്‍ മൂന്ന് കേണലുകള്‍, 10 മേജര്‍മാര്‍, ഒരു കമാന്‍ഡന്റ്, ഒരു ക്യാപ്റ്റന്‍, മൂന്ന് എഞ്ചിനീയര്‍മാര്‍, നിരവധി ജെസിഒമാര്‍ ഉള്‍പ്പെടെ 891 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും അവകാശപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

മുരിദ്‌കെ മര്‍ക്കസുമായി ഒസാമ ബിന്‍ലാദന്റെ ബന്ധവും നേരത്തെ പുറത്ത് വന്നിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളുടെ പരിശീലന കേന്ദ്രമാക്കി മുരിദ്‌കെ മര്‍ക്കസിനെ മാറ്റുന്നതിനായി വലിയ നിലയിലുള്ള സാമ്പത്തിക സഹായം ഒസാമ ബിന്‍ലാദന്‍ നല്‍കിയിരുന്നുവെന്നാണ് 2002ല്‍ കശ്മീര്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തത്. മര്‍ക്കസിലെ പദ്ധതികള്‍ക്കായി 30 മില്യണ്‍ രൂപ ലാദന്‍ ചെലവഴിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. 1989 ല്‍ മര്‍കസ് ദവാ വാള്‍ ഇര്‍ഷാദ് ആരംഭിക്കാന്‍ ഒസാമ ബിന്‍ ലാദന്‍ ഹഫീസ് സയീദിനും, സഹസ്ഥാപകരായ സഫര്‍ ഇഖ്ബാലിനും, അബ്ദുള്ള അസമിനും ധനസഹായം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ നിലയില്‍ ലഷ്‌കര്‍-ഇ-തൊയ്ബയെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രമായ മുരിദ്കെയിലെ സമുച്ചയത്തിന് നേരെ നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് തന്ത്രപരമായും വലിയ പ്രാധാന്യമുണ്ട്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കും അവരെ സഹായിക്കുന്ന പാകിസ്താന്റെ സൈനിക-രഹസ്വാന്വേഷണ നേതൃത്വങ്ങള്‍ക്കും അതിനാല്‍ തന്നെ മുരിദ്‌കെയില്‍ അടക്കം നടന്ന ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ ആക്രമണങ്ങള്‍ വലിയ തിരിച്ചടി തന്നെയാണ്.

Content Highlights: Links with Osama bin Laden and Ajmal Kasab Hafiz Saeed's muridke is the terror center of Lashkar-e-Taiba

dot image
To advertise here,contact us
dot image