പാകിസ്താന്റെ നുണയുദ്ധത്തെ ചെറുത്തുതോല്‍പ്പിക്കുന്ന മുഹമ്മദ് സുബൈര്‍

ബിജെപി സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട മുഹമ്മദ് സുബൈര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് ആഘോഷിക്കപ്പെടുകയാണ്. രാജ്യം ഭീഷണി നേരിടുമ്പോള്‍ പൂര്‍ണ സജ്ജനായി നിന്ന് പാകിസ്താന്റെ കുപ്രചാരണങ്ങളെ നിര്‍വീര്യമാക്കി അവരുടെ നുണയുദ്ധങ്ങളെ ചെറുത്തുതോല്‍പ്പിക്കുകയാണ് അയാള്‍

dot image

പ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി ഇന്നലെ യുദ്ധസമാനമായ മറ്റൊരു സാഹചര്യം കൂടി നേരിടേണ്ടി വന്നു, അത് വ്യാജവാർത്തകളുടെ ഭയപ്പെടുത്തുന്ന കുത്തൊഴുക്കായിരുന്നു. ആ അപകടത്തെ നിർവീര്യമാക്കുന്ന ഫാക്ട് ചെക്ക് മിസൈലുകളുമായി എത്തി, മിസ് ഇൻഫർമേഷൻ വാറിൽ പാക്കിസ്താന്‍റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കി,രാജ്യത്തിനായി വിജയം നേടിക്കൊടുത്ത ധീരനായ ഒരു ഇന്ത്യൻ ജേണലിസ്റ്റ് ഉണ്ട്, മുഹമ്മദ് സുബൈർ.

ആൾട്ട് ന്യൂസ് എന്ന തന്റെ ഫാക്ട് ചെക്ക് പ്ലാറ്റ്ഫോമിലൂടെ മണിക്കൂറുകൾക്കുള്ളിൽ നൂറിലേറെ വ്യാജവാർത്തകളും ദൃശ്യങ്ങളുമാണ് മുഹമ്മദ് സുബൈറും സംഘവും പൊളിച്ചടുക്കിയത്.

മുഹമ്മദ് സുബൈറിനെ നമുക്കറിയാം. മുൻപ്, ബിജെപി സർക്കാരിനെതിരെ വാർത്തകൾ നൽകിയതിന്റെ പേരിൽ, കേസെടുത്ത് ജയിലിലടക്കപ്പെട്ട അതേ മുഹമ്മദ് സുബൈർ. അയാൾ തന്നെയാണ്, ഇപ്പോൾ രാജ്യം ഒരു ഭീഷണി നേരിടുമ്പോൾ പൂർണ സജ്ജനായി നിന്ന് പാക്കിസ്താന്‍റെ നുണയുദ്ധങ്ങളെ ചെറുത്തു തോൽപിക്കുന്നത്.

സുബെെറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്ന ദൃശ്യം

ഓപ്പറേഷൻ സിന്ദൂറിന്റേതെന്ന പേരിൽ പല തരത്തിലുള്ള വ്യാജ വീഡിയോകളാണ് ഇന്നലെ രാവിലെയോടെ സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് എക്സിൽ പ്രചരിച്ചത്. ഇവയെല്ലാം മാസങ്ങൾക്ക് മുൻപ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മറ്റ് പല സംഘർഷങ്ങളുടെയും ദൃശ്യങ്ങളായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും എന്ന് സുബൈർ പറയുന്നു. ആൾട്ട് ന്യൂസിൽ ഈ ഓരോ ദൃശ്യങ്ങളുടെയും പിന്നിലെ യഥാർത്ഥ്യം തുറന്നു കാണിക്കുന്ന നിരവധി വാർത്തകൾ കാണാം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മുൻപ് നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങളും ഓപ്പറേഷൻ സിന്ദൂറിന്റേതെന്ന പേരിൽ പല പാക് ഹാൻഡിലുകളും പ്രചരിപ്പിച്ചിരുന്നു.

ഇവ കൂടാതെ ഇന്ത്യൻ പൗരന്മാരുടെ അക്കൗണ്ടുകളെന്ന നിലയിലും പല വ്യാജ അക്കൗണ്ടുകളിൽ വ്യാജ വിവരങ്ങൾ പുറത്തുവന്നു. ഇന്ത്യൻ മുൻ ആർമി ഓഫീസർ, കോൺഗ്രസ് സപ്പോർട്ടർ തുടങ്ങിയ ബയോകളുമായി എത്തിയ പല അക്കൗണ്ടുകളും സത്യത്തിൽ പാകിസ്ഥാനിൽ നിന്നുള്ളവയായിരുന്നു. ഇത്തരം അക്കൗണ്ടുകളിൽ നിന്നുള്ള ട്വീറ്റുകൾ പാകിസ്താനിലെ പല മുതിർന്ന മാധ്യമപ്രവർത്തകരും പങ്കുവെച്ചതോടെ വ്യാജവാർത്തകളുടെ ലോകം കൂടുതൽ ശക്തമായി.

ചില ഇന്ത്യൻ മാധ്യമങ്ങൾ പോലും തെറ്റിദ്ധരിക്കപ്പെടുകയും ചില ദൃശ്യങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വ്യാജ അക്കൗണ്ടുകൾക്ക് പിന്നിലെ സത്യവും മുഹമ്മദ് സുബൈർ വെളിച്ചത്തുകൊണ്ടുവന്നു. വ്യാജവാർത്തകൾക്ക് മുൻപിൽ സർക്കാർ ഏജൻസികൾ പോലും പകച്ചുപോയ ഘട്ടത്തിലാണ് നിർണായക ഇടപെടൽ സുബൈറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇതേ കുറിച്ച് ചോദിച്ചവരോട് സുബൈർ ആകെ പറഞ്ഞത് ഒരു കാര്യമാണ്. 'ഇത് എന്റെ ജീവിതത്തിലെ വലിയ ദിവസമാണ്. പക്ഷെ ആദ്യമായല്ല ഞാനിത് ചെയ്യുന്നത്. വ്യാജവാർത്തകൾ എവിടെ കണ്ടാലും ആര് കൊണ്ടുവന്നാലും ഞാൻ അതിന് പിന്നാലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും' എന്നായിരുന്നു സുബൈറിന്റെ വാക്കുകൾ.

അതേ, ഇത് ആദ്യമായല്ല സുബൈർ വ്യാജവാർത്തകൾക്കെതിരെ തെളിവുകളുമായി രംഗത്തുവരുന്നത്. പക്ഷെ മുൻ വർഷങ്ങളിൽ തന്റെ മാധ്യമധർമം നിർവഹിച്ച് മുന്നോട്ടു പോയപ്പോൾ ഇന്നത്തേത് പോലെ അഭിനന്ദനങ്ങളല്ലായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. സംഘപരിവാർ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്നുമുണ്ടായ പല വ്യാജ വാർത്തകളെയും തെളിവുകൾ നിരത്തി ഖണ്ഡിച്ചത് അദ്ദേഹത്തെ അവരുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.

തുടർന്ന് അവരുടെ പ്രതികാരനടപടികളും മുഹമ്മദ് സുബൈറിന് നേരെയുണ്ടായി. തുടക്കത്തിൽ അത് സൈബർ ആക്രമണമായിരുന്നെങ്കിൽ, പിന്നീട് അത് പല തരത്തിലുള്ള പരാതികളിലേക്കും കേസുകളിലേക്കും നീങ്ങി. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിരവധി എഫ്ഐആറുകൾ ഫയൽ ചെയ്യപ്പെട്ടു.

ഒടുവിൽ 2022ൽ സുബൈറിന്റെ അറസ്റ്റിലേക്കും കാര്യങ്ങൾ നീണ്ടു. 1983ൽ പുറത്തുവന്ന ഒരു സിനിമയിലെ രംഗത്തിന്റെ സ്‌ക്രീൻ ഷോട്ട് 2018ൽ സുബൈർ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് ഹിന്ദു വികാരങ്ങൾ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് 2022ൽ ഒരാൾ പരാതി നൽകി. ദിവസങ്ങൾക്കുള്ളിൽ സുബൈർ അറസ്റ്റിലായി. മൂന്ന് ആഴ്ചയോളമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും ഇപ്പോഴും ഈ പരാതിയിലെ നിയമനടപടികൾ നടക്കുന്നുണ്ട്.

2017ൽ പ്രതിക് സിൻഹയോടൊപ്പം ചേർന്ന് ആൾട്ട് ന്യൂസ് ആരംഭിച്ച നാൾ മുതൽ തന്നെ ഗ്രൗണ്ട് ബ്രേക്കിംഗായ ഫാക്ട് ചെക്കിംഗ് വാർത്തകളുമായി എത്തി ആഗോളതലത്തിൽ ശ്രദ്ധ നേടാൻ ആൾട്ട് ന്യൂസിന് കഴിഞ്ഞിരുന്നു.



കലാപശ്രമങ്ങൾക്ക് വരെ തടയിടാൻ ആൾട്ട് ന്യൂസിന്റെ സമയോചിതമായ ഇടപെടലുകൾക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും അവരുടെ അനുയായികളുടെയുമെല്ലാം വിവിധ തരത്തിലുള്ള അടിച്ചമർത്തലുകളും ഭീഷണികളും നേരിട്ടിട്ടും ഇന്നും ആൾട്ട്ന്യൂസും മുഹമ്മദ് സുബൈറും തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു പോവുകയാണ്.

ഗ്ലോബൽ പ്രസ് ഫ്രീഡം റാങ്കിങ്ങിലെ ഇന്ത്യയുടെ 151-ാം സ്ഥാനത്തെ കുറിച്ച് പുനരാലോചനയ്ക്ക് കൂടിയുള്ള സമയമാണ് സുബൈറിന്റെ ഈ പ്രവർത്തനങ്ങൾ. ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് പോലും എത്രമാത്രം നിർണായകമാണെന്ന് മുഹമ്മദ് സുബൈർ വ്യക്തമായി കാണിച്ചുതന്നിരിക്കുകയാണ്.

Content Highlights:

dot image
To advertise here,contact us
dot image