
ഡല്‍ഹി: ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ. സലാല്‍ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. അതേസമയം, ഇന്ത്യ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടത് പാകിസ്താന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീതിയിലാണ്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്. നദിയുടെ ഒഴുക്കില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മേഖലയെ സാരമായി ബാധിക്കും.
പാകിസ്താനെ ഔദ്യോഗികമായി അറിയിക്കാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ പാകിസ്താനിലേക്കുളള ജലമൊഴുക്ക് തടയാനുളള നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹര്‍ ഡാമിന്റെയും സലാല്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇന്ത്യ പൂര്‍ണമായും അടച്ചിരുന്നു. ഇന്ത്യയുടെ ജലയുദ്ധം പാകിസ്താനിലെ കര്‍ഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
Content Highlights: India opens salal dam shutter flood fear in pakistan