
May 20, 2025
12:01 PM
ഹൈദരാബാദ്: തെലങ്കാനയിലെ സങ്കറെഡ്ഢി ജില്ലയിൽ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. സുബാഷ് എന്നയാളാണ് മക്കളായ 13, 9 വയസുള്ള ഋതിക്കിനെയും ആരാധ്യയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് സുബാഷ് ജീവനൊടുക്കിയത്.
അതിലത്രയും തന്റെ ഭാര്യയെപ്പറ്റിയാണ് സുബാഷ് എഴുതിയിരുന്നത്. സുഭാഷും ഭാര്യ മഞ്ജുളയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് മഞ്ജുള സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും സാമ്പത്തികമായി അയാൾ ഭാര്യയെ മുതലെടുക്കുകയാണെന്നുമാണ് സുബാഷ് കത്തിൽ എഴുതിയിരുന്നത്.
താൻ നിരവധി തവണ ഭാര്യയെ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഭാര്യ പിന്മാറിയില്ല. ഇനിയും ഒന്നും താങ്ങാനും സഹിക്കാനും വയ്യ. അതിനാലാണ് താൻ ജീവനൊടുക്കുന്നത് എന്നും സുബാഷ് കത്തിലെഴുതിയിരുന്നു.
വീട്ടിൽ നിന്ന് കടുത്ത ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മരിച്ച നിലയിൽ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി. സുബാഷിന്റെയും മക്കളുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: man kills himself after killing his child over argument with wife