
ന്യൂഡല്ഹി: പ്രതിരോധകാര്യ സെക്രട്ടറി ഗിരിധര് അരമന മ്യാന്മറില് രണ്ടുദിവസത്തെ സന്ദര്ശനം നടത്തും. മണിപ്പൂരില് കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തില് ഗിരിധര് അരമനയുടെ സന്ദര്ശനത്തിന് വലിയ നതന്ത്രപ്രാധാന്യമുണ്ട്. അതിര്ത്തി പ്രദേശങ്ങളിലെ സമാധാനം നിലനിര്ത്തേണ്ടതിനെക്കുറിച്ചും അനധികൃത അതിര്ത്തി കടക്കലിനെക്കുറിച്ചും ലഹരികടത്തും കള്ളക്കടത്തും പോലുള്ള നീക്കങ്ങളെക്കുറിച്ചും മ്യാന്മാര് ഭരണനേതൃത്വത്തോട് ഗിരിധര് അരമന ചര്ച്ചകള് നടത്തും.
ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള് മ്യാന്മര് നേതൃത്വവുമായി ചര്ച്ച ചെയ്യാനുള്ള അവസരം ഗിരിധര് അരമനയുടെ സന്ദര്ശനം നല്കുമെന്ന പ്രതീക്ഷ പത്രക്കുറിപ്പിലൂടെ പ്രതിരോധ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും അവരുടെ പ്രദേശങ്ങള് മറ്റേ രാജ്യത്തിന് ഹാനികരമാകുന്ന പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണമെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയില് സൂചിപ്പിച്ചിട്ടുണ്ട്.
മണിപ്പൂരിലെ സംഘര്ഷങ്ങള്ക്ക് പിന്നില് മ്യാന്മറിന്റെ ഇടപെടല് ഉണ്ടെന്ന സൂചനകളുമായി മണിപ്പൂര് മുഖ്യമന്ത്രി ബീരേന് സിങ്ങ് ട്വീറ്റ് ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തില് ഗിരിധര് അരമനയുടെ മ്യാന്മര് സന്ദര്ശനത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
മ്യാന്മറുമായി ഏകദേശം 1700 കിലോമീറ്റര് ദൂരമുള്ള അതിര്ത്തിയാണ് ഇന്ത്യ പങ്കിടുന്നത്. ആയിരക്കണക്കിന് സൈനികരെയാണ് മണിപ്പൂരിലെ സംഘര്ഷ മേഖലയില് നിയോഗിച്ചിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന് സജ്ജരായ പ്രത്യേകസേനയെ ഇന്ത്യാ-മ്യാന്മര് അതിര്ത്തിയിലും നിയോഗിച്ചിട്ടുണ്ട്.