

സിനിമ കരിയർ ആരംഭിച്ച ആദ്യ നാളുകളിൽ നേരിടേണ്ടിവന്ന കടുത്ത എതിർപ്പുകളും കുടുംബത്തിലെ സംഘർഷങ്ങളും തുറന്നുപറഞ്ഞ് നടനും ബിജെപി എംപിയുമായ രവി കിഷൻ. സിനിമയിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ അച്ഛൻ ശക്തമായി എതിർത്തിരുന്നുവെന്നും അതിന്റെ പേരിൽ ശാരീരികമായ ഉപദ്രവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും രവി കിഷൻ വെളിപ്പെടുത്തി. 'കോഫി വിത്ത് കരൺ' എന്ന ടോക്ക് ഷോയിലായിരുന്നു രവി കിഷന്റെ തുറന്നുപറച്ചിൽ.
ചെറുപ്പം മുതൽക്കേ നാടകത്തോടും അഭിനയത്തോടുമായിരുന്നു തനിക്ക് താൽപര്യമെന്ന് രവി കിഷൻ പറഞ്ഞു. എന്നാൽ അച്ഛന് മകൻ സിനിമയിലെത്തുന്നതിനോട് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അച്ഛൻ പാൽക്കച്ചവടവും നടത്തിയിരുന്നു. കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്നോ അല്ലെങ്കിൽ സർക്കാർ ജോലി നേടണമെന്നോ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി അഭിനയലോകത്തേക്ക് കടക്കാനായിരുന്നു രവി കിഷന്റെ താൽപര്യം.
രാംലീല നാടകത്തിൽ സാരിയുടുത്ത് അഭിനയിച്ചതാണ് അച്ഛനെ ഏറെ പ്രകോപിപ്പിച്ചത്. നാടകത്തിലെ വേഷം കണ്ട് മടങ്ങിയെത്തിയതിനു പിന്നാലെ ലെതർ ബെൽറ്റ് ഉപയോഗിച്ച് തന്നെ ക്രൂരമായി മർദിച്ചു. 'നിനക്ക് ഒരു ആട്ടക്കാരിയാകാനാണോ ആഗ്രഹം?' എന്ന് ചോദിച്ചായിരുന്നു മർദനം. തൊണ്ണൂറുകളുടെ കാലത്ത് സിനിമയും അഭിനയവും പല കുടുംബങ്ങളിലും മാന്യമായ തൊഴിലായി അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും ഈ സാമൂഹിക കാഴ്ചപ്പാടും വീട്ടിലെ എതിർപ്പിന് കാരണമായിരുന്നുവെന്നും രവി കിഷൻ പറഞ്ഞു.
അഭിനയത്തോടുള്ള താൽപര്യം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതോടെ അച്ഛനുമായുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമായി. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നായിരുന്നു പിതാവിന്റെ നിലപാട്. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് കരുതി അച്ഛൻ എന്നെ കൊല്ലാൻ വരെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അമ്മ എന്നെ അവിടെനിന്ന് രക്ഷപ്പെടാൻ സഹായിച്ചത് എന്നായിരുന്നു രവി കിഷന്റെ വാക്കുകൾ.
Content Highlights: Actor and BJP MP Ravi Kishan opens up about the challenges he faced during the early stages of his acting career. He reveals that his father strongly opposed his decision to enter the film industry and recalls a difficult personal experience during that period.