വി ഡി സതീശനുമായി അന്നും ഇന്നും പിണക്കമില്ല: നിലപാടിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

'മുഖ്യമന്ത്രി മിടുമിടുക്കനാണെന്ന് എല്ലാവരും സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞു'

വി ഡി സതീശനുമായി അന്നും ഇന്നും പിണക്കമില്ല: നിലപാടിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ
വി ഡി സതീശൻ/വെള്ളാപ്പള്ളി നടേശൻ
dot image

ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശനോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശനുമായി അന്നും ഇന്നും പിണക്കമില്ലെന്നും വിഷയാധിഷ്ഠിതമായ അഭിപ്രായവും അഭിപ്രായവ്യത്യാസവും ഉണ്ടാകും എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. ആരും തന്റെ വീട്ടിലേക്ക് വരുന്നത് നിഷേധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ഈ സർട്ടിഫിക്കറ്റ് കൊടുത്തു കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി ഡി സതീശൻ കണച്ചികുളങ്ങരയിൽ വന്നാൽ സ്വീകരിക്കും. എൻഎസ്എസ് പറഞ്ഞത് അവിടെ കയറി പോകരുതെന്നാണ്. ഞാൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമൊക്കെ അവരുടെ കാര്യമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി ആയ ശേഷം തന്നെയോ താൻ അങ്ങോട്ടോ വിളിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സതീശന് വട്ടാണെന്നും ഊളമ്പാറയിൽ ചികിത്സിപ്പിക്കണം എന്നും പറഞ്ഞത് അന്നാണെന്നും ഇന്ന് ആ നിലപാട് തനിക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വിഷയാടിസ്ഥാനത്തിൽ ആയിരുന്നു അന്നത്തെ വിമർശനം. അന്ന് അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. കുറച്ചുകൂടി പക്വത വേണം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. സതീശന് ഭ്രാന്താണ് എന്ന് പറയാൻ എനിക്ക് ഭ്രാന്താണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി പണ്ട് പലതും പറഞ്ഞു കാണും അത് വിഷയാധിഷ്ഠിതമാണ് എന്നും വ്യക്തമാക്കി.

പിണറായി വിജയൻ നിലപാടുള്ളവനാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. അതിനുള്ള ദോഷവും ഗുണവും അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പിണറായിയുടെ കാറിൽ കയറിയതിൽ ഒരു തെറ്റുമില്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു. തെറ്റുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. എൽഡിഎഫ് തോറ്റതിന് തന്നെ പഴിച്ചിട്ട് കാര്യമുണ്ടോ. തോറ്റു കഴിഞ്ഞപ്പോൾ എന്നെ പറഞ്ഞതിൽ ഊക്ക് പോരാ എന്നു പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രതിപക്ഷമാണ് പി ജയരാജനെന്നും അദ്ദഹം തന്നെ വിടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിയാക്കണമെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രത്തിൽ താൻ പ്രതിയല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. എന്നെ പ്രതി ചേർക്കാൻ കഴിയില്ല എന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എന്നെ പ്രതിയാക്കാനുള്ള നീക്കം മലർപ്പൊടിക്കാരൻ്റെ സ്വപ്നമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസ്സിലെ തമ്മിൽതല്ല് സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു. എൽഡിഎഫിലും ജയരാജന്മാർ തമ്മിലും പോരാണല്ലോയെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിൽ ചക്കളത്തി പോര് പതിവാണെന്നും കോൺഗ്രസിൽ വഴക്ക് പുതുമയല്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. തനിക്ക് ആരോടും സോഫ്റ്റ് കോർണർ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തിരുപ്രകുട്രത്ത് ദീപം തെളിയിക്കാത്ത വിജയ് സർക്കാരിൻ്റെ നടപടി നീതിപീഠത്തോടുള്ള അവഗണനയും വിശ്വാസികളോടും ഹൈന്ദവരോടുമുള്ള ചതിയുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

dot image
To advertise here,contact us
dot image