ഓവര്‍സീ വെല്‍ത്ത്: പ്രവാസികൾക്കായി ഒരു AI വെൽത്ത് മാനേജർ; നിക്ഷേപക ശ്രദ്ധ ആകർഷിച്ച് മലയാളി സ്റ്റാർട്ടപ്പ്

ആപ്പിലെ എഐ അസിസ്റ്റന്റ് ചാറ്റ് സംവിധാനത്തിലൂടെ തന്നെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതാണ് മറ്റൊരു സവിശേഷത

ഓവര്‍സീ വെല്‍ത്ത്: പ്രവാസികൾക്കായി ഒരു AI വെൽത്ത് മാനേജർ; നിക്ഷേപക ശ്രദ്ധ ആകർഷിച്ച് മലയാളി സ്റ്റാർട്ടപ്പ്
dot image

പ്രവാസികളുടെ സമ്പാദ്യവും നിക്ഷേപങ്ങളും പലപ്പോഴും ഒന്നിലധികം രാജ്യങ്ങളിലായിരിക്കും. ഇവയെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല . ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയാണ് യുവ മലയാളി സംരംഭകരുടെ സ്റ്റാര്‍ട്ടപ്പായ 'ഓവര്‍സീ വെല്‍ത്ത്'. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിതമായ ഈ ഫിന്‍ടെക് പ്ലാറ്റ്‌ഫോം പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ ലളിതമാക്കാൻ സഹായിക്കുന്നു. 2017 മുതല്‍ ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഖില്‍ സുരേഷ്, സജല്‍ ശർമ്മ , അഖില്‍ ജെയിംസ്, ആസിഫ് കട്ടകത്ത്, വിഷ്ണു കാര്‍ത്തികേയന്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍.

പല രാജ്യങ്ങൾ, പല അക്കൗണ്ടുകൾ, ഒരു ആപ്പ്

വിവിധ രാജ്യങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളുമുള്ള പ്രവാസികള്‍ക്ക് അവരുടെ ആസ്തികളും ബാധ്യതകളും കൃത്യമായി വിലയിരുത്തുക ഏറെ ശ്രമകരമാണ്. ഇതിനായി പലരും സ്‌പ്രെഡ്ഷീറ്റുകളെയും ട്രാക്കിംഗ് ആപ്പുകളെയുമാണ് ആശ്രയിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി വിവിധ ബാങ്കിങ്, ഇൻവെസ്റ്റ്മെന്റ് , ബ്രോക്കറേജ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഏകോപിപ്പിക്കുകയും ഒപ്പം അതെല്ലാം ഇന്റലിജന്റായി മാനേജ് ചെയ്യുകയുമാണ് ഓവര്‍സീ വെല്‍ത്ത്. വ്യക്തിഗത ഇൻവെസ്റ്റ്മെന്റ് പ്ലാനുകള്‍ക്ക് പുറമെ, നിക്ഷേപ കാലാവധികള്‍, പ്രധാനപ്പെട്ട തീയതികള്‍, പുതുക്കലുകള്‍, ഉപയോഗിക്കാതെ കിടക്കുന്ന പണം എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ആപ്പ് നല്‍കും. ഇതോടെ ഓരോ പ്രവാസിക്കും തന്റെ സമ്പാദ്യം കൂടുതൽ വ്യക്തതയോടെയും കാര്യക്ഷമതയോടെയും കൈകാര്യം ചെയ്യാനാകും.

ആപ്പിലെ എഐ അസിസ്റ്റന്റ് ചാറ്റ് സംവിധാനത്തിലൂടെ തന്നെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാമെന്നതാണ് മറ്റൊരു സവിശേഷത. ലൈസന്‍സുള്ള പങ്കാളികള്‍ മുഖേന നിക്ഷേപങ്ങള്‍ നടത്തുക, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക, ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുക, ഇൻഹെറിറ്റൻസ് പ്ലാനിങ് നടത്തുക തുടങ്ങിയ സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാകും. ആവശ്യമെങ്കിൽ സാമ്പത്തിക വിദഗ്ധരുടെ സേവനവും ലഭ്യമാണ്. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ട പ്രവാസികള്‍ക്ക് ഇതൊരു പേർസണൽ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും.

വലിയ ലക്ഷ്യങ്ങള്‍

കൊച്ചി പനമ്പിള്ളി നഗറിലാണ് ഓവര്‍സീ വെല്‍ത്തിന്റെ ആസ്ഥാനം. 2026 ഡിസംബറില്‍ ബീറ്റാ ലോഞ്ച് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പ്രധാനമായും ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് സേവനം നൽകാനാണ് പദ്ധതി. 2027 അവസാനത്തോടെ ഉപഭോക്താക്കളുടെ എണ്ണം 10,000 ആക്കാനും, ഒപ്പം 1,000 കോടി രൂപയുടെ അസറ്റ്സ് അണ്ടർ മാനേജ്മെന്റും (AUM) 15 കോടി രൂപയുടെ വാർഷിക വരുമാനവും (Annual Recurring Revenue) കമ്പനി ലക്ഷ്യമിടുന്നു.

"ഫിൻടെക് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ഞങ്ങൾ, പല രാജ്യങ്ങളിലായുള്ള ആസ്തികളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യാൻ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അടുത്തുനിന്ന് കണ്ടിട്ടുണ്ട് . ആ അനുഭവമാണ് ഓവർസീ വെൽത്ത് എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. എഐയുടെ സഹായത്തോടെ ഓരോ പ്രവാസിക്കും വ്യക്തിഗത സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," സഹസ്ഥാപകനും സിഇഒയുമായ സഖില്‍ സുരേഷ് പറയുന്നു.

Content Highlights: Oversee Wealth, an AI-powered fintech startup founded by young Malayali entrepreneurs, aims to simplify financial management for expatriates. The platform helps users manage savings and investments spread across multiple countries. The venture is backed by Sakhil Suresh, Sajal Sharma, Akhil James, Asif Kattakath and Vishnu Karthikeyan, who have been associated with the fintech sector since 2017.

dot image
To advertise here,contact us
dot image