

കൊച്ചി: മെസിയുടെ പേരിൽ പണം പിരിച്ചെന്ന ഏഷ്യാനെറ്റ് ന്യൂസിൻ്റെ വ്യാജ വാർത്തക്കെതിരെ റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ. റിപ്പോർട്ടർ ടി വി പണപ്പിരിവ് നടത്തിയെന്ന വാർത്ത വ്യാജമാണെന്നും ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി. പണപ്പിരിവ് നടത്തിയെന്ന വാർത്തയിൽ ഏഷ്യാനെറ്റ് തെളിവുകൾ ഹാജരാക്കണമെന്നും ആൻ്റോ അഗസ്റ്റിൻ ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടി വിയുടെ വിശ്വാസ്യത തകർക്കാനാണ് ഇത്തരം വ്യാജ വാർത്തകളെന്നും ഏഷ്യാനെറ്റ് സാങ്കൽപ്പിക കഥകൾ വാർത്തയാക്കുന്നെന്നും ആൻ്റോ അഗസ്റ്റിൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് പറയുന്ന ആയിരം പേരിൽ ആർക്കും പേരോ, അഡ്രസ്സോ ഇല്ലേയെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആൻ്റോ അഗസ്റ്റിൻ ചോദിച്ചിരിക്കുന്നത്. ഔദ്യോഗികമായി അവർ നൽകിയ ഒരു പരാതി പോലും ഇല്ലേയെന്നും ചോദിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര മത്സരം നടത്താം എന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം പിരിക്കുകയും മത്സരം നടക്കാതിരുന്നപ്പോൾ ഒരാൾക്ക് പോലും പരാതിയോ പരിഭവമോ ഇല്ലാതെ പ്രശ്നം പരിഹരിക്കുകയും ചെയ്ത മറ്റ് ഏതെങ്കിലും സ്ഥാപനം രാജ്യത്ത് ഉണ്ടാകുമോ? എന്നാണ് ഏഷ്യാനെറ്റ് വാർത്തയിലെ വസ്തുതകളില്ലാത്ത ആരോപണത്തെ ആൻ്റോ അഗസ്റ്റിൻ പരിഹസിച്ചിരിക്കുന്നത്.
'മെസ്സിയെ കേരളത്തിൽ കൊണ്ട് വരാം എന്ന് പറഞ്ഞു പണം പിരിക്കാൻ മലപ്പുറത്ത് വച്ച് ആന്റോ ആഗസ്റ്റിൻ പ്രമുഖരുടെ വിപുലമായ ഒരു യോഗം സംഘടിപ്പിച്ചു എന്ന് ഏഷ്യാനെറ്റ് പറയുന്നു. അങ്ങനെ ഒരു വാർത്ത നൽകുമ്പോൾ മിനിമം അറിയേണ്ട കാര്യങ്ങൾ പോലും ഏഷ്യാനെറ്റ് കണ്ടെത്തിയിട്ടി'ല്ലെന്ന് ആൻ്റോ അഗസ്റ്റിൻ കുറ്റപ്പെടുത്തുന്നു. പ്രസ്തുത പരിപാടി എവിടെ വെച്ചാണ് നടന്നതെന്നോ എന്നാണ് നടന്നതെന്നോ ഏഷ്യാനെറ്റ് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ആൻ്റോ അഗസ്റ്റിൻ അതിൽ പങ്കെടുത്ത ആരെയെങ്കിലും ഏഷ്യാനെറ്റിന് കണ്ടെത്താൻ കഴിയുന്നില്ലെന്നും പരിഹസിക്കുന്നുണ്ട്.
'ആന്റോ അഗസ്റ്റിനു നിരവധി നിഗൂഢ വ്യക്തികളിൽ നിന്നും പണം ലഭിച്ചിട്ടുണ്ട് എന്നും ഏഷ്യാനെറ്റ് പറയുന്നു എന്നാൽ ഒരു നിഗൂഢ വ്യക്തികൾക്കും പേരില്ല. നിഷ്കളങ്കരായ പരാതിക്കാരുടെ വിവരങ്ങൾ പുറത്ത് വിടാൻ ധാർമികത അനുവദിക്കുന്നില്ല എന്നത് അംഗീകരിക്കാം ഈ നിഗൂഢ വ്യക്തികളോട് എന്ത് പ്രതിബദ്ധതയാണ് ഏഷ്യാനെറ്റിന് ഉള്ളത്. അവരുടെ പേര് വിവരങ്ങൾ പുറത്തു പറഞ്ഞാൽ അല്ലേ റിപ്പോർട്ടറിനെ കൂടുതൽ എളുപ്പത്തിൽ തകർക്കാൻ കഴിയുക എന്നും' ആൻ്റോ അഗസ്റ്റിൻ ചോദിക്കുന്നുണ്ട്.
വി ഡി സതീശന്റെ സർക്കാർ അഴിമതിയുടെയും കമ്മീഷന്റെയും കെടുകാര്യസ്ഥതയുടെയും പേരിൽ ജനങ്ങളുടെ മുൻപിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുമ്പോഴെല്ലാം മെസ്സി വിവാദം എന്ന അക്ഷയപാത്രം തുറന്ന് ഏഷ്യാനെറ്റ് പുറത്തു വിടുന്ന വാർത്തകളുടെ സ്പോൺസർ ആരാണ് എന്ന് മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്ന മലയാളിക്ക് വല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകില്ലെന്നും ആൻ്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 'വി ഡി സതീശന്റെ തിരുസമക്ഷം ചെന്നു സമസ്താപരാധം പറഞ്ഞു സെറ്റിൽമെന്റ് നടത്താൻ അനുവദിച്ച സമയം എനിക്ക് കഴിഞ്ഞു എന്ന സന്ദേശം ആണോ നിർത്തിയേടത്തു നിന്നും തുടങ്ങിയ ഈ പുതിയ വ്യാജ SIT വാർത്ത. ഇതേ കാര്യം ഞാൻ മുൻപ് പറഞ്ഞപ്പോഴും അത് ഏറ്റെടുക്കാനുള്ള ആർജ്ജവം നിങ്ങൾ കാണിച്ചിട്ടി'ല്ലെന്നും ആൻ്റോ ആഗസ്റ്റിൻ വ്യക്തമാക്കുന്നുണ്ട്.
'നടക്കാത്ത പരിപാടിക്ക് വേണ്ടി ഏറ്റെടുത്ത സ്റ്റേഡിയത്തിൽ 36 കോടിയുടെ നിർമ്മാണ പ്രവർത്തനം നടത്തി പറഞ്ഞ സമയത്ത് മടക്കി നൽകിയ ചരിത്രമുണ്ടോ? ചാനൽ യുദ്ധത്തിലെ ശത്രുവിന്റെ നന്മ കാണാനുള്ള വിശാല മനസ്കത പോട്ടെ നട്ടാൽ കുരുക്കാത്ത കള്ളം പറയാതെ എങ്കിലും ഇരുന്നു കൂടെ' എന്ന് ചോദിച്ചാണ് ആൻ്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Anto Augustine has dismissed Asianet News' report alleging that money was collected in Lionel Messi's name, calling it fake news and claiming there was no complaint or evidence to support the allegation.