

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചത് ആന്തരികാവയവങ്ങള്‍ തകര്‍ന്നെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ചികിത്സ പിഴവ് സംഭവിച്ചോയെന്നതില്‍ വ്യക്തതയില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടിയെന്നും പൊലീസ് അറിയിച്ചു.
കരുനാഗപ്പള്ളി നാട്ടന്നൂര് സ്വദേശി ഹര്‍ഷ (17) ആണ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുട്ടിക്ക് നല്കിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹര്‍ഷ മരിച്ചശേഷമാണ് മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളുകയും ചെയ്തിരുന്നു. മരണകാരണം അറിയില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് എത്തുമ്പോഴേക്കും കുട്ടി മരണപ്പെടുകയായിരുന്നു.
Content Highlights: A 17-year-old girl, lost life while undergoing treatment at a private hospital in Karunagappally, Kollam, with her family alleging medical negligence after her condition reportedly worsened following medication