

മലയാള സിനിമയിൽ മൾട്ടി-സ്റ്റാറർ ചിത്രങ്ങളും ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ഒരുക്കുന്നതിൽ പേരെടുത്ത സംവിധായകനാണ് കമൽ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 'ഗ്രാമഫോൺ'. മീര ജാസ്മിനും നവ്യ നായരുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്.
എന്നാൽ ചിത്രം റിലീസായ സമയത്ത്, തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയെന്നും തന്നെ സെക്കൻഡ് ഹീറോയിനെപ്പോലെയാണ് തോന്നിയതെന്നും നവ്യ നായർ അന്ന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ കമൽ. 'പോർട്രയ്ൽസ് ബൈ ഗദ്ദാഫി' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് കമൽ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.
"ചില അഭിനേതാക്കൾക്ക് മാത്രമേ അത്തരം പരിഭവങ്ങൾ ഉണ്ടാവുകയുള്ളൂ. നവ്യയ്ക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അവൾ അത് തുറന്നുപറയുകയും ചെയ്തു. എന്നാൽ അത് അപ്പൊഴേ തീർന്നുപോയ ഒരു കാര്യമാണ്. മീര ജാസ്മിന് വെച്ച റോൾ നവ്യയ്ക്ക് കൊടുക്കാനോ, തിരിച്ചോ ചെയ്യാൻ കഴിയില്ല. ആ കഥാപാത്രങ്ങൾ അത്രത്തോളം കൃത്യമായിരുന്നു. നവ്യയ്ക്ക് ഈ റോൾ ചെയ്യാൻ പറ്റില്ലെങ്കിൽ അവളെ മാറ്റിയിട്ട് വേറൊരാളെ വെക്കുക എന്നൊരു ഓപ്ഷൻ മാത്രമേ അന്ന് മുന്നിലുണ്ടായിരുന്നുള്ളൂ. അത് നിങ്ങൾക്ക് തീരുമാനിക്കാം എന്ന് ഞാൻ പറയുകയും ചെയ്തു. പിന്നീട് ആ വിഷയം അവിടെ തീർന്നു," കമൽ പറഞ്ഞു.
ഷൂട്ടിംഗ് വേളകളിൽ അഭിനേതാക്കൾക്ക് ഇത്തരം തോന്നലുകൾ വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ടിംഗ് സമയത്ത് ചില സീനുകൾ എടുക്കുമ്പോൾ തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അഭിനേതാക്കൾക്ക് സംശയങ്ങൾ ഉണ്ടാകാം. ഏത് മനുഷ്യനും ഉണ്ടാകുന്ന ഒരു സ്വാഭാവിക വികാരം മാത്രമാണിത്. അതല്ലാതെ നവ്യയുമായി വേറെയൊരു പിണക്കമോ പരിഭവമോ ഉണ്ടായിട്ടില്ലെന്നും കമൽ കൂട്ടിച്ചേർത്തു.
Content Highlights: Kamal recalls an incident from the sets of Gramaphone, confirming that Navya Nair had raised concerns about her role being too small. He says the matter was resolved immediately.