

തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്, പതിനേഴുകാരന്റെ പെണ്‍സുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത, ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. പതിനെട്ട് വയസുകാരിയായ പെണ്‍കുട്ടി പഠിക്കുകയാണ്. ഉമര്‍ കാപ്പാ കേസ് പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പെണ്‍കുട്ടിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നാണ് നിഗമനം. കൊലപാതകം നടത്തിയ കാര്യം പ്രതി പെണ്‍കുട്ടിയെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.
അഭിരാമിന്റെ കൊലപാതകത്തില്‍ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു. ഒന്നാം പ്രതി എന്ന് പറയുന്ന ആളെ ആദ്യം കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. തലേദിവസം തന്നെ വിശദമായി ചോദ്യം ചെയ്യല്‍ നടന്നില്ല. അത് പൊലീസിന്റെ വീഴ്ചയാണെന്ന് അഭിരാമിന്റെ പിതാവ് മധുകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പിറ്റേന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനേഴുകാരന് കുറ്റം ഏറ്റെടുത്തത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാമെന്നും അഭിരാമിന്റെ പിതാവ് പ്രതികരിച്ചു.
തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം അതിദാരുണമായാണ് കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്.
അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരന് പറയുന്നു. എന്നാല്‍ പ്രതികള്‍ ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും സുഹൃത്തിനെ വിളിച്ചുവരുത്താന്‍ വേണ്ടി അഭിരാമിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി. തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പ്രതി പറയുന്നുണ്ട്. എന്നാല്‍ അഭിരാം ഇന്‍സ്റ്റഗ്രാം വഴി നിരന്തരം മെസേജ് അയച്ച് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം ആണ്‍സുഹൃത്തിനോട് പെണ്‍കുട്ടി പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതി ആദ്യം നല്കിയ മൊഴി. പ്രതിയുടെ ഉള്‍പ്പെടെ മൊഴികള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം അഭിരാമിന്റെ സംസ്കാരചടങ്ങുകള്‍ നാളെയാണ് നടക്കുക. വിദേശത്തുള്ള സഹോദരി നാളെ എത്തും. വിദേശത്തായിരുന്ന മാതാവ് ഇന്ന് പുലര്ച്ചയെത്തിയിരുന്നു.
Content Highlights: Police have officially recorded the arrest of three accused in connection with the Abhiram case, marking a key development in the investigation.