

കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് അനുമതി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. സര്‍ക്കാരില്‍ നിന്നും മറച്ചുവെച്ചാണ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് വിവരം.
ഓരോ മിനിറ്റ് ഇടവേളയിലാണ് രണ്ട് ലൈസന്‍സുകളും അനുവദിച്ചത്. സസ്‌പെന്‍ഷനിലായ കോട്ടയം, എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നല്‍കിയ ഹര്‍ജിയിലാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്ന രേഖ ഹാജരാക്കിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അപേക്ഷ ലഭിച്ച കാര്യമോ നടപടി ക്രമങ്ങളോ സര്‍ക്കാരിനെയും വകുപ്പിനെയും അറിയിച്ചിരുന്നില്ല. 2026 ജൂണ്‍ 22നാണ് ലൈസന്‍സ് അനുവദിച്ചത്.
അതേസമയം മദ്യനയം പ്രഖ്യാപിക്കാതെ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ മന്ത്രി കടുത്ത അതൃപ്തിയിലാണ്. നേരത്തെയും ഇത്തരത്തില്‍ മന്ത്രി അറിയാതെ കമ്മീഷണര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിരുന്നു. ജൂണ്‍ 23ന് മൂവാറ്റുപുഴയില്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച് പിറ്റേ ദിവസം തന്നെ അനുമതി ലഭിയിരുന്നു. എറണാകുളത്ത് ജൂണ്‍ 25ന് നല്‍കിയ അപേക്ഷയില്‍ ജൂണ്‍ 29നും ലൈസന്‍സ് ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 29ന് അപേക്ഷ നല്‍കിയ കോട്ടയത്തെ ബാറിന് ഒക്ടോബര്‍ 3നും അനുമതി ലഭിച്ചിരുന്നു. സംഭവത്തില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കടക്കം പങ്ക് എന്നും സംശയമുണ്ട്.
നിലവിലെ എക്‌സൈസ് കമ്മീഷണറോട് വകുപ്പ് മന്ത്രി എം ലിജുവിന് കടുത്ത അതൃപ്തി എന്നാണ് വിവരം. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങളാണ് അതൃപ്തിക്ക് കാരണം. ഒന്നിന് പിറകെ ഒന്നായി വകുപ്പില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുന്നു. മന്ത്രി ഓഫീസ് അറിയാതെ സുപ്രധാന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ കൈക്കൊള്ളുന്നു എന്നതും അതൃപ്തിക്ക് കാരണമാണ്. നയപരമായ തീരുമാനങ്ങളില്‍ കൂടിയാലോചന ഉണ്ടാക്കാത്തതിലും മന്ത്രിക്ക് എതിര്‍പ്പുണ്ട്.
Content Highlights: Kerala government puts new bar licences on hold until the new liquor policy is finalised