

പ്രതീക്ഷയോടെ എന്തെങ്കിലും കാര്യങ്ങള്‍ ആരോടെങ്കിലും പങ്കുവച്ച ശേഷം , അല്ലെങ്കില്‍ നിങ്ങളുടെ ഒരു സന്തോഷത്തെ കുറിച്ച് പറഞ്ഞശേഷം 'ടച്ച് വുഡ്' എന്ന് പറയാറുണ്ടോ? എല്ലാ നന്നായി തന്നെ തുടരാന്‍, എല്ലായിടത്തും വിജയം ഉണ്ടാകാന്‍, കിട്ടേണ്ട ഭാഗ്യം, അല്ലെങ്കില്‍ അവസരം നഷ്ടമാകാതിരിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നതെന്നാണ് പരക്കെ പറയുന്നത്. പക്ഷേ എവിടെ നിന്നാണ് എങ്ങനെയാണ് ഈ വിശ്വാസം ഉടലെടുത്തതെന്ന് അറിയാമോ?
പ്രതീക്ഷയോടെ അല്ലെങ്കില്‍ ആത്മവിശ്വാസത്തോടെ പറയുന്ന ഒരു കാര്യത്തിന് ശേഷമാണ് ടച്ച് വുഡ് എന്ന് ഉപയോഗിക്കുന്നതെന്ന് പറഞ്ഞല്ലോ, അമേരിക്കയിലേക്ക് ചെന്നാല്‍ അവര്‍ ഇതേ രീതിയില്‍ ഉപയോഗിക്കുന്നത് knock on wood എന്ന പ്രയോഗമാണ്. ഭാഗ്യം നിലനിര്‍ത്താനും വരാനിരിക്കുന്ന നല്ല മാറ്റങ്ങള്‍ക്ക് തടസം ഉണ്ടാകാതിരിക്കാനുമാണ് അവരിങ്ങനെ പറയുന്നത്. ഇനി എങ്ങനെയാണ് ഈ വിശ്വാസം ഉണ്ടായത് എന്നതിനെ കുറിച്ച് നോക്കാം.
പണ്ട് കാലത്ത് ബഹുദൈവ വിശ്വാസികളായിരുന്ന ആളുകള്‍, അവര്‍ ആരാധിക്കുന്ന ദൈവം വസിക്കുന്നത് വൃക്ഷങ്ങളിലാണെന്ന് വിശ്വസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. പവിത്രമായി കരുതപ്പെടുന്ന ചില വൃക്ഷങ്ങളും ഉണ്ടായിരുന്നു. ഓക്ക്, ആഷ്, ഹാത്തോണ്‍ വൃക്ഷങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. യൂറോപ്യന്‍ പാരമ്പര്യത്തില്‍ അതിപ്രാധാന്യമുള്ള വൃക്ഷങ്ങളാണിവ. ഇവരുടെ വിശ്വാസം അനുസരിച്ച് മരങ്ങളില്‍ സ്പര്‍ശിക്കുന്നതോ തട്ടുന്നതോ സംരക്ഷണം ആവശ്യപ്പെടുന്നതിന് തുല്യമാണ്.
ആപത്തുകളില്‍ നിന്നും അപകടകരമായ ആത്മാക്കളില്‍ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിനും, ലഭിച്ച ഭാഗ്യങ്ങള്‍ക്കും അവസരങ്ങള്‍ക്കും നന്ദി അറിയിക്കുന്ന ഒരു രീതിയും കൂടിയാണിതെന്നാണ് പറയപ്പെടുന്നത്. ഒരാള്‍ തന്റെ ഭാഗ്യത്തെയോ നേട്ടത്തേയോ കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്തരത്തില്‍ തടികളില്‍ മുട്ടുന്നത് അയാളുടെ ഭാഗ്യങ്ങളും അവസരങ്ങളും ദുരാത്മാക്കള്‍ ഒളിഞ്ഞുകേള്ക്കുന്നതും, ഇതേ ആത്മാക്കൾ ആ ഭാഗ്യങ്ങള്‍ തട്ടിയെടുക്കുന്നത് തടയുമെന്നുമാണ് മറ്റൊരു വിശ്വാസമത്രേ.

വേള്‍ഡ് വൈഡ് വേഡ്സ് എന്ന ഇംഗ്ലീഷ് ഭാഷ വെബ്സൈറ്റില്‍ ഇതിനെ കുറിച്ച് വലിയൊരു വിശദീകരണം തന്നെ നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ടച്ച് വുഡ് പ്രയോഗം 1899ലേ ഉപയോഗിച്ച് വന്നിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതേസമയം അമേരിക്കന്‍ പ്രയോഗമായ knock on wood പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് 1905കളിലാണെത്രേ. എന്നാല്‍ ചില ചരിത്രകാരന്മാര് പറയുന്നത് 19ാം നൂറ്റാണ്ടിലെ ഒരു പ്രയോഗമാണിതെന്നാണ്. കുട്ടികളുടെ ഗെയിമായ ടിഗ്ഗി ടച്ച് വുഡില്‍ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉത്ഭവമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. നാട്ടിന്‍പ്പുറങ്ങളില്‍ മരത്തില്‍പ്പിടിച്ച് കളിക്കുന്ന കളിക്ക് സമാനമാണിത്. മരത്തില്‍ അല്ലെങ്കില്‍ തടികഷ്ണത്തിന് സമാനമായ വസ്തുവില്‍ പിടിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്താല്‍ നമ്മള് ഈ കളിയില്‍ സുരക്ഷിതരായിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ടച്ച് വുഡ് എന്ന പ്രയോഗം ഉണ്ടായതെന്നാണ് ഇവരുടെ വാദം.

അതേസമയം ഇത്തരത്തില്‍ വൃക്ഷങ്ങളിലോ മരത്തടികളിലോ സ്പര്‍ശിക്കുന്നത് ഒരു വ്യക്തിയുടെ ഭാവിയെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ ഒരു ശാസ്ത്രീയ അടിത്തറയുമില്ല. എന്നാല്‍ പലര്‍ക്കും ടച്ച് വുഡ് എന്നത് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും കരുത്തായി ഉപയോഗിക്കുന്ന ഒരു പദമാണ് താനും.
Content Highlights: Touch wood is a common expression used to avoid bad luck after expressing hope that something will continue to go well. The belief is associated with ancient traditions that regarded trees and wood as protective. Knocking on wood is also believed to ward off misfortune, although the exact origin of the custom remains uncertain.