

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. നിലവിലെ വക്കീല്‍ തങ്ങളെ നിര്‍ബന്ധിച്ച് വക്കാലത്തില്‍ ഒപ്പിടീച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി പറഞ്ഞു. ആരാണ് വക്കാലത്ത് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് മകളാണെന്ന് അഭിഭാഷകന് മറുപടി നല്കി. സ്ത്രീകളുടെയും കുട്ടികളുടെയും കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനൊപ്പം ജയബാലകൃഷ്ണന്റെ കുടുംബവും അപ്പീൽ നൽകിയിരുന്നു. മകൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളാണ് ഇത്തരത്തിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നാണ് വിവരം. മകള്‍ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകന് കോടതിയിൽ പറഞ്ഞു.
പ്രോസിക്യൂഷന്റെ അപ്പീൽ അപേക്ഷയിൽ 17-കാരന്റെ പേര് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയതിനെയും കോടതി ചോദ്യം ചെയ്തു. 17-കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് എങ്ങനെ അപ്പീല്‍ ഫയല്‍ ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയാണോ പെറ്റീഷന് ഫയല്‍ ചെയ്യേണ്ടതെന്നും 17-കാരന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാതെ പുതിയ അപ്പീല്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും കോടതി പറഞ്ഞു.
അതേസമയം, ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട് ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. പ്രതികളുമായി ബന്ധമുള്ള ആരും തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഇനി ഒരു അവസരം ലഭിക്കാത്തത് കൊണ്ടാണ് തുറന്ന് പറഞ്ഞതെന്നും കാളിരാജ് പറഞ്ഞു. കേസ് തുടക്കം മുതല്‍ മുന്നോട്ട് പോയത് നല്ല രീതിയിലാണെന്നും കമ്മീഷണര്‍ പ്രതികരിച്ചു.
അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാളിരാജ് മഹേഷ് കുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാളിരാജിനെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയത്.
ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ നേരത്തെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന് ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. പിന്നാലെ രാത്രി വൈകി 17കാരനെതിരെ നരഹത്യാവകുപ്പ് ചുമത്തുകയായിരുന്നു.
Content Highlights: kerala court considers plea to cancel bail of cheranalloor accident accused