

ഉറക്കം തൂങ്ങി വാഹനമോടിക്കരുതെന്ന സുരക്ഷാ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. കഴിഞ്ഞ ദിവസം എമിറേറ്റ്സ് റോഡിൽ (E11) ട്രക്ക് സുരക്ഷാ ബാരിയറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായതിനെ തുടർന്നാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. ദുബായ് ഫ്ലെെഓവറിന് ശേഷം അബുദാബി ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിന്റെ ഡ്രെെവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഡ്രെെവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് ഡ്രെെവർമാരുടെ ശ്രദ്ധയും ജാഗ്രതയും നഷ്ടപ്പെടുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ക്ഷീണം കാരണം വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടാനും ലെെൻ മാറിപ്പോകാനും ബാരിയറുകളിലോ മറ്റ് വാഹനങ്ങളിലോ ഇടിക്കാനും സാധ്യതയുണ്ട്. അധിക ആത്മവിശ്വാസം കൊണ്ട് ഡ്രെെവർമാർ വാഹനം ഓടിക്കുന്നത് ശരിയല്ലെന്നും ഒരുനിമിഷത്തിന്റെ അശ്രദ്ധകൊണ്ട് വലിയ അപകടങ്ങൾ സംഭവിക്കാമെന്നും അധികൃതർ പറഞ്ഞു. ദീർഘദൂര യാത്രകൾക്ക് മുമ്പ് ഡ്രെെവർമാർ ആവശ്യത്തിന് വിശ്രമം ഉറപ്പാക്കണം.
വാഹനം ഓടിക്കുന്നതിനിടയിൽ ക്ഷീണമോ ഉറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി വിശ്രമിക്കണം. തുടർന്ന് യാത്ര ചെയ്യുന്നത് ഒഴിവാക്കുകയും നിശ്ചിത ലെെനുകളിൽ മാത്രം വാഹനം ഓടിക്കുകയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.
Content Highlights: Dubai Police has urged motorists to stop at a safe place and rest if they feel tired or sleepy while driving, following a truck crash on Emirates Road E611 after the driver reportedly fell asleep.